Perinthalmanna Radio
Date: 12-11-2022
മലപ്പുറം : സന്തോഷ് ട്രോഫിക്കു ശേഷം മറ്റൊരു ആവേശക്കാലത്തിന് പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നു കർട്ടനുയരും. ഐ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ വൈകിട്ട് 4.30ന് കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്സിയും കൊൽക്കത്തയുടെ കരുത്തരായ മുഹമ്മദൻസും കൊമ്പുകോർക്കും. ഇക്കഴിഞ്ഞ മേയിൽ ഇതേ മുഹമ്മദൻസിനെ തോൽപിച്ചാണ് ഗോകുലം ഐലീഗ് കിരീടം തുടർച്ചയായി രണ്ടാം തവണയും നേടിയത്. ഹാട്രിക്ക് പ്രതീക്ഷയോടെയാണ് ഇത്തവണത്തെ വരവ്. വിദേശ താരങ്ങൾക്കു പുറമേ 12 മലയാളി താരങ്ങൾ ഉൾപ്പെട്ടതാണ് ഗോകുലം ടീം.
ഇതിൽ നാലുപേർ മലപ്പുറംകാരാണ്. മഞ്ചേരി സ്വദേശി അർജുൻ ജയരാജ് മിഡ്ഫീൽഡിലും അങ്ങാടിപ്പുറം സ്വദേശി ഷഹജാസ് തെക്കൻ, വളാഞ്ചേരി സ്വദേശി മുഹമ്മദ് ജാസിം എന്നിവർ പ്രതിരോധനിരയിലും ഇടംപിടിച്ചിട്ടുണ്ട്. തിരൂർ പറവണ്ണ സ്വദേശി പി.റിഷാദും ടീമിലുണ്ട്. അതേസമയം, മുഹമ്മദൻസ് ടീമിലെ മലപ്പുറത്തിന്റെ സാന്നിധ്യമാണ് താനൂർ സ്വദേശിയായ സ്ട്രൈക്കർ എം.ഫസലുറഹ്മാൻ. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലുണ്ടായിരുന്ന മൂന്നു പേർ (അർജുൻ ജയരാജ്, പി.എൻ.നൗഫൽ, പി.അഖിൽ) ഗോകുലം ടീമിലുണ്ട്.
മലയാളി താരങ്ങൾക്കു പുറമേ ബ്രസീൽ, അർജന്റീന, കാമറൂൺ, സെർബിയ, നൈജീരിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ ഇരു ടീമുകളിലും ഇടംപിടിച്ചിരിക്കുന്നു. സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പയ്യനാട്ടു കണ്ട ആരാധകരുടെ ബാഹുല്യവും ആവേശവും ഐ ലീഗിലുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഗോകുലം ടീമിനെ മലപ്പുറത്തേക്കെത്തിച്ചിരിക്കുന്നത്. ഇന്നു രാവിലെ 10 മുതൽ പയ്യനാട് സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപനയുണ്ട്.