Perinthalmanna Radio
Date: 12-05-2023
മലപ്പുറം: പയ്യനാട് സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കുന്ന മൊയ്തീൻകുട്ടി മെമ്മോറിയൽ ഇൻഡോർ സ്‌പോർട്സ് കോംപ്ലക്സിന് 45 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഇത് മൂന്നാംതവണയാണ് പദ്ധതിക്കു ഭരണാനുമതി ലഭിക്കുന്നത്. 2017-ൽ മലപ്പുറത്ത് പദ്ധതിക്കു ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ സ്ഥലതർക്കം വന്നപ്പോൾ പദ്ധതി പയ്യനാടിനു കിട്ടി. 2019-ൽ പയ്യനാടിലേക്കു മാറാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കൺസൾട്ടന്റായ കിറ്റ്കോ രണ്ടാമതും ഭരണാനുമതി നേടുകയുണ്ടായി. എസ്റ്റിമേറ്റ് നടപടിയുമായി നീങ്ങുന്നതിനിടയിൽ കിറ്റ്കോ പദ്ധതിയിൽനിന്നു മാറി.
തുടർന്ന് കാലതാമസം നേരിട്ട പദ്ധതിക്ക് വ്യാഴാഴ്‌ചയാണ് മൂന്നാമത്തെ ഭരണാനുമതി കിട്ടിയത്. ഗാലറി വിപുലീകരണം, ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ, ഹോക്കി ഗ്രൗണ്ട് എന്നിവ അടങ്ങിയതാണ് മൊയ്തീൻകുട്ടി മെമ്മോറിയൽ ഇൻഡോർ സ്‌പോർട്സ് കോംപ്ലക്സ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടക്കുക.
ആദ്യ ഭരണാനുമതിയിൽ 50 കോടി കിട്ടിയ പദ്ധതിക്ക് മൂന്നാമത്തെ ഭരണാനുമതിയിൽ അഞ്ചുകോടി കുറവാണു ലഭിച്ചത്. ഈ തുകകൊണ്ട് എത്രമാത്രം വികസനം നടത്താൻ സാധിക്കും എന്നതായിരിക്കും അധികൃതർക്കു മുൻപിലെ വെല്ലുവിളി.
2017-ൽ മലപ്പുറത്ത് ഇൻകെൽ വ്യവസായപാർക്കിനു സമീപം നടത്താൻ തീരുമാനിച്ച പദ്ധതിയിൽ ഇൻഡോർ സ്റ്റേഡിയം, സെവൻസ് മൈതാനം, സ്വിമ്മിങ് പൂൾ എന്നിവ അടങ്ങിയിരുന്നു.
ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി, ഐ-ലീഗ്, സൂപ്പർ കപ്പ് എന്നിവയ്ക്ക് ആതിഥ്യമരുളിയ പയ്യനാടിന്റെ നീണ്ട നാളത്തെ ആവശ്യമാണ് സ്റ്റേഡിയം വികസനം. 15,000 ആണ് സ്റ്റേഡിയത്തിന്റെ ശേഷി. ഇത് ഉയർത്തുമെന്ന് സന്തോഷ് ട്രോഫി ടൂർണമെന്റ് വിജയിച്ച ശേഷം മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞിരുന്നു. ഇതാണ് ഭരണാനുമതിയോടെ പൂവണിഞ്ഞത്. സ്റ്റേഡിയം വികസിപ്പിച്ച ശേഷം ഐ.എസ്.എൽ. അടക്കമുള്ള ടൂർണമെന്റുകൾ കൊണ്ടു വരുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ