Perinthalmanna Radio
Date: 27-03-2023
മഞ്ചേരി: ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫിക്കും ഐ ലീഗിനും ശേഷം സൂപ്പർ കപ്പിനെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പയ്യനാട് സ്‌റ്റേഡിയം. സന്തോഷ് ട്രോഫി മത്സരങ്ങൾക്കെത്തിയ കാണികളുടെ ആവേശവും ആഘോഷവും തന്നെയാണ് സൂപ്പർ കപ്പ് മത്സരങ്ങളുടെ വേദിയാവാൻ പയ്യനാടിന് നറുക്ക് വീണത്.
മത്സരക്രമമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലുമായാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്.
ഏപ്രിൽ മൂന്നിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ക്വാളിഫയിംഗ് പ്ലേഓഫ് തുടങ്ങും. ഏപ്രിൽ ആറ് വരെ യോഗ്യത മത്സരങ്ങളുണ്ടാകും.ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ കപ്പിന് തുടക്കമാകും. ഒന്നിടവിട്ട ദിവസങ്ങളിലാകും മഞ്ചേരിയിലും കോഴിക്കോട്ടും ആദ്യ റൗണ്ട് കളികൾ. വൈകിട്ട് 5.30നും 8.30നുമാണ് മത്സരങ്ങൾ.
ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി സൂപ്പർ കപ്പിൽ മാറ്റുരയ്ക്കുന്നത്. 10 ഐ ലീഗ് ടീമുകൾ യോഗ്യത മത്സരങ്ങൾക്ക് പങ്കെടുക്കും. യോഗ്യത നേടുന്ന ടീമുകൾ ഗ്രൂപ് ഘട്ടത്തിൽ നേരത്തേ യോഗ്യത നേടിയ ഐ.എസ്.എൽ ടീമുകളോട് മത്സരിക്കും. ഏപ്രിൽ മൂന്ന്, അഞ്ച്, ആറ് തിയതികളിൽ മഞ്ചേരിയിൽ രണ്ട് വീതം മത്സരങ്ങൾ ഉണ്ടാകും. ഏപ്രിൽ 21ന് ആദ്യ സെമി കോഴിക്കോട്ടും 22ന് രണ്ടാം സെമി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും അരങ്ങേറും. 25ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഇതേ നോമ്പുകാലത്തായിരുന്നു സന്തോഷ് ട്രോഫി മത്സരങ്ങൾ പയ്യനാട്ടേക്ക് വിരുന്നെത്തിയത്. ഓരോ മത്സരവും ‘സന്തോഷ പെരുന്നാളാക്കി’ കാണികൾ ഏറ്റെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് മറ്റൊരു ദേശീയ ടൂർണ്ണമെന്റും പയ്യനാടെത്തിക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. സംഘാടക സമിതിയുടെ ചീഫ് കോ-ഓഡിനേറ്ററും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധിയുമായ മൈക്കിൾ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ പയ്യനാടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മാർച്ച് 31നകം സ്റ്റേഡിയത്തിലെ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാക്കി എ.ഐ.എഫ്.എഫിന് കൈമാറും. പുതിയ പുല്ലുകൾ വെച്ചുപിടിപ്പിച്ചാണ് മൈതാനം ഒരുക്കുന്നത്. യോഗ്യത മത്സരങ്ങളടക്കം 19 മത്സരങ്ങളാണ് പയ്യനാട് നടക്കും. കഴിഞ്ഞ ദിവസം ഫ്ളഡ് ലൈറ്റിന്റെ ട്രയൽ റൺ നടത്തി. മത്സരത്തിനാവശ്യമായ 1400 ലക്സസ് ലൈറ്റ് സ്റ്റേഡിയത്തിൽ സജ്ജമാണ്.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, യൂനിവേഴ്സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകൾ, കോഴിക്കോട് ദേവഗിരി കോളജ് സ്റ്റേഡിയം, മെഡിക്കൽ കോളജ് ഗ്രൗണ്ട് എന്നിവയാണ് പരിശീലനത്തിനായി കണ്ടെത്തിയിട്ടുള്ളത്. രാത്രിയും പരിശീലനം നടത്താൻ സ്റ്റേഡിയത്തിൽ താൽക്കാലികമായി ലൈറ്റുകളും സജ്ജമാക്കും.
പയ്യനാട് കളിക്കാനെത്തുന്ന എട്ട് ടീമുകൾക്ക് മഞ്ചേരിയിലും മലപ്പുറത്തുമായി താമസ സൗകര്യം ഒരുക്കും.ഏപ്രിൽ നാലിന് എ.ടി.കെ മോഹൻ ബഗാൻ ടീമെത്തും. മറ്റ് ടീമുകളും വരും ദിവസങ്ങളിലായി മഞ്ചേരിയിലെത്തും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ