കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ

Share to

പെരിന്തൽമണ്ണ: എട്ടും ഒൻപതും വയസ്സുള്ള മക്കളെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീറി(35)നെയാണ് പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ എ.എം. യാസിറും സംഘവും അറസ്റ്റുചെയ്തത്. ചൈൽഡ് ലൈനിൽനിന്ന് കഴിഞ്ഞദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സി. അലവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഓട്ടോഡ്രൈവർ ആയ പ്രതി സ്ഥിരമായി ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങൾക്ക് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കുട്ടികളെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിക്കും. കേബിൾ വയറുകൊണ്ടും ചൂരലുകൊണ്ടും മർദിച്ച് അവശരാക്കും. തുടർന്ന് മുറി പൂട്ടി ഓട്ടോയുമായി പുറത്തുപോവും. തിരിച്ചുവരുമ്പോഴാണ് പൂട്ടിയിട്ട മുറി തുറന്നുകൊടുക്കുന്നത്. കേബിൾ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറംഭാഗത്ത് സാരമായ മുറിവുകളുണ്ട്. ബാലനീതി നിയമ പ്രകാരമാണ് കേസ്.

സ്ത്രീധനപീഡനത്തിന് ഭാര്യ നൽകിയ പരാതിയിലും മുഹമ്മദ് ബഷീറിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് നാട്ടിൽ മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒന്നരയാഴ്ച മുമ്പാണ് കുട്ടികൾ മാതാവിന്റെ വീട്ടിലേക്ക് മാറിയത്. രഹസ്യവിവരത്തെത്തുടർന്നാണ് ചൈൽഡ് ലൈൻ സംഭവത്തിൽ ഇടപെടുകയും പോലീസിന് വിവരം കൈമാറുകയും ചെയ്തത്.

Share to