
Perinthalmanna Radio
Date: 14-06-2023
പെരിന്തൽമണ്ണ: പത്തോളം തെരുവുനായ്ക്കളുടെ കൂട്ടത്തിനാൽ റോഡിലിറങ്ങി നടക്കാൻ പേടിച്ച് പെരിന്തൽമണ്ണ എസ്.എം.യു.പി. സ്‌കൂൾ പ്രദേശത്തെ ജനങ്ങൾ. വീനസ് റോഡ് മുതൽ തുടങ്ങുന്ന നായ്ക്കളുടെ വിളയാട്ടം വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കടക്കം ഭീഷണിയാകുന്നു.
എസ്.എം.യു.പി. സ്‌കൂളിലേക്ക് വരുന്നവരും ഗവ. ഹൈസ്‌കൂളിലേക്കും പ്രസന്റേഷൻ സ്‌കൂളുകളിലേക്കും നടന്നുപോകുന്ന കുട്ടികളുമാണ് രക്ഷിതാക്കൾ കൂടെയില്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലുള്ളത്. ആദിവാസിക്കുട്ടികൾ താമസിച്ച് പഠിക്കുന്ന സായി സ്‌നേഹതീരത്തിലെ നിരവധി കുട്ടികൾക്കും ഇതുവഴിയാണ് പോകേണ്ടത്.
ഇവരെ വാർഡനോ മറ്റോ സ്ഥിരമായി കൂടെപ്പോയി കൊണ്ടുവിടുകയാണ്. പത്തോളം നായ്ക്കളുടെ കൂട്ടമാണുള്ളതെന്ന് പ്രദേശവാസിയായി കെ.വി. മുഹമ്മദ് ഷെരീഫ് പറയുന്നു. വഴിനടക്കാൻ ഭയന്ന് ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്രയും നായ്ക്കൾ സ്ഥിരമായി ഈ പ്രദേശത്തുണ്ടെന്നതിനാൽ എപ്പോഴും വാഹനങ്ങൾ വിളിച്ച് പോകാനും സാധിക്കില്ല. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികളാണ് കൂടുതലും നായ്ക്കളുടെ മുന്നിൽപ്പെട്ട് ഭയന്നോടുന്നത്.
ഓടുന്നത് കാണുന്നതോടെ നായ്ക്കൾ കൂട്ടമായി പിന്നാലെയെത്തും. ഇതോടെ ഓട്ടത്തിനിടയിൽ വീണ് കുട്ടികൾക്ക് അപകടമുണ്ടാകുന്നു. നിരവധി തവണ നഗരസഭാ അധികൃതർക്കും മറ്റും പരാതി നൽകിയെങ്കിലും നായ്ക്കളെ നിയന്ത്രിക്കാൻ നടപടിയില്ലാതെ അവരും കൈമലർത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. പലസമയത്തും വിവിധ ആവശ്യങ്ങൾക്കായി ഒറ്റയ്ക്ക് പോകേണ്ടിവരുന്നവരാണ് കൂടുതൽ പ്രയാസത്തിലാകുന്നത്. നായ്ക്കളെ പിടികൂടി കൊണ്ടുപോകാനോ മറ്റ് പരിഹാരങ്ങളുണ്ടാക്കാനോ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
