ഹോട്ടലുകളിൽ പരിശോധന; ചില്ലീസ് റെസ്റ്റോറന്‍റിന് സ്റ്റോപ്പ് മെമ്മോ നല്‍കി

Share to

Perinthalmanna Radio
Date: 19-08-2023

പെരിന്തല്‍മണ്ണ: വിവിധ വകുപ്പുകള്‍ ചേര്‍ന്നു പെരിന്തല്‍മണ്ണ മാനത്തുമംഗലത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ ന്യൂനതകള്‍ കണ്ടെത്തി.
ചില്ലീസ് റെസ്റ്റോറന്‍റിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റവന്യൂ, ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്നലെയാണ് പരിശോധന നടത്തിയത്.

പെരിന്തൽമണ്ണ മാനത്തുമംഗലത്ത് പ്രവർത്തിക്കുന്ന മസാലി റെസ്റ്റോറൻ്റ്, ഫുഡ്ഡ് സ്റ്റോറിസ് റെസ്റ്റോറൻ്റ്, ഓംകാർ പ്യൂവർ വെജ് റെസ്റ്റോറൻ്റ്, ചില്ലീസ് റെസ്റ്റോറൻ്റ്, ബേക്ക് ഓൺ ബേക്കറി എന്നിവയിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുക, ഭക്ഷ്യ എണ്ണ പുനരുപയോഗത്തിന് സൂക്ഷിക്കുക, ത്രാസുകള്‍ സീല്‍ ചെയ്യാതെ ഉപയോഗിക്കുക, നിരോധിച്ച പ്ലാസ്റ്റിക് കവറുകളില്‍ മാംസം സൂക്ഷിക്കുക, തയാറാക്കിയ ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചുവയ്ക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ ന്യൂനതകള്‍. വിവിധയിനങ്ങളിലായി ഏഴായിരം രൂപ ലീഗല്‍ മെട്രോളജി വകുപ്പ് പിഴ ഈടാക്കി. വരുംദിവസങ്ങളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ കര്‍ശന പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

പെരിന്തല്‍ണ്ണ തഹസില്‍ദാര്‍ പി.എം. മായയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഖൈറുല്‍ ബഷീറ, താലൂക്ക് സപ്ലൈ ഓഫീസര്‍ പി. അബ്ദുറഹിമാൻ, ഫുഡ് സേഫ്റ്റി ഓഫീസര്‍ മിനു റെയ്ച്ചല്‍ വര്‍ഗീസ്, ലീഗല്‍ മെട്രോളജി ഇൻസ്പെക്ടര്‍മാരായ കരീം, മണികണ്ഠൻ, റേഷനിംഗ് ഇൻസ്പെക്ടര്‍മാരായ ടി.എ. രജീഷ്കുമാര്‍, ഷംഷീര്‍ സലാം എന്നിവര്‍ പങ്കെടുത്തു. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *