അനധികൃത ചെങ്കൽ ഖനനം; 75 വാഹനങ്ങൾ പിടികൂടി

Share to

Perinthalmanna Radio
Date: 07-12-2022

പെരിന്തൽമണ്ണ: അനധികൃതമായി പുലാമന്തോൾ ചീരട്ടാമലയിൽ പ്രവർത്തിച്ചിരുന്ന ആറ് ചെങ്കൽ ക്വാറികളിൽ റവന്യൂ സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ വാഹനവേട്ട. 72 ടിപ്പർ ലോറികളും മൂന്ന് മണ്ണുമാന്തികളും പിടിച്ചെടുത്തു. പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായയുടെ നേതൃത്വത്തിലാണ് മലയുടെ ഉൾഭാഗത്തായി പ്രവർത്തിച്ചിരുന്ന ക്വാറികളിൽ പരിശോധന നടത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമുതൽ ഏഴു വരെയുള്ള മൂന്നുമണിക്കൂറിനുള്ളിലാണ് ഇത്രയും വാഹനങ്ങൾ പിടിച്ചെടുത്തത്. 21 അംഗ പരിശോധക സംഘം മൂന്നായി തിരിഞ്ഞ് മലയുടെ മൂന്ന് ഭാഗങ്ങളിലൂടെയാണ് ചെങ്കൽ ക്വാറികളിലെത്തിയത്. പിടിച്ചെടുത്ത വാഹനങ്ങളിൽ 40 എണ്ണം മലപ്പുറം കളക്ടറ്റ് വളപ്പിലേക്ക് മാറ്റി. ബാക്കിയുള്ളവ പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് വളപ്പിലും പരിസരത്തുമായി സൂക്ഷിച്ചിരിക്കുകയാണ്.

ചീരട്ടാമല പ്രദേശങ്ങളിൽ അനധികൃതമായി വൻതോതിൽ ചെങ്കൽ ഖനനം നടക്കുന്നതായി പരാതിയുണ്ടായിരുന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചാണ് റവന്യൂ സംഘം പഴുതടച്ച പരിശോധന നടത്തിയത്. വൈകീട്ടായതിനാൽ ക്വാറികളിൽ നിന്ന്‌ കൂടുതൽ വാഹനങ്ങൾ ലോഡ് കയറ്റി പോകാൻ ഒരുങ്ങുകയായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്നവരുടെ ബഹളം വകവെക്കാതെ സംഘം പരിശോധന തുടരുകയായിരുന്നു.

തഹസിൽദാരുടെ ആവശ്യ പ്രകാരം പെരിന്തൽമണ്ണ പോലീസെത്തിയാണ് വാഹനങ്ങൾ കളക്ടറേറ്റിലേക്കും മറ്റും മാറ്റിയത്. തഹസീൽദാർക്ക് പുറമേ പെരിന്തൽമണ്ണ ഭൂരേഖ തഹസിൽദാർ ഷാജി ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർമാരായ റഷീദ്, സുനിൽ, മണികണ്ഠൻ, വില്ലേജ് ഓഫീസർ ഗീത, സ്പെഷ്യൽ വില്ലേജോഫീസർ ഫൈസൽ, താലൂക്ക് ഓഫീസിലെ ക്ലർക്കുമാരായ ജിജിൻ, അനിൽ, ശശി, അനൂപ്, ഗോവിന്ദൻ, ഡ്രൈവർമാരായ അമൃതരാജ്, മുഹമ്മദ് സാജിദ്, ഹസ്സൻ, റഷീദ് എന്നിവരും പെരിന്തൽമണ്ണ സബ് കളക്ടർ ഓഫീസിലെ സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ സുരേന്ദ്രൻ, ക്ലർക്കുമാരായ കൃഷ്ണകുമാർ, അനൂപ്, വിഷ്ണു, ഫൈസൽ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

Share to

Leave a Reply

Your email address will not be published. Required fields are marked *