Perinthalmanna Radio
Date: 08-12-2022
പെരിന്തൽമണ്ണ: ചീരട്ടാമലയിലെ അനധികൃത ചെങ്കൽഖനനത്തിലൂടെ സർക്കാരിന് പ്രതിദിനമുണ്ടായ വരുമാനനഷ്ടം ഏകദേശം 12,000 രൂപ. അനധികൃതമായി പ്രവർത്തിച്ച ആറ് ചെങ്കൽമടകളിൽനിന്ന് 72 ടിപ്പർലോറികളാണ് കഴിഞ്ഞദിവസം പെരിന്തൽമണ്ണ റവന്യൂസംഘം പിടികൂടിയത്.
അനുമതിയോടെ പ്രവർത്തിക്കുന്ന പാറമടയിൽനിന്ന് ഒരുടൺ ചെങ്കല്ലിന് 24 രൂപയാണ് സർക്കാരിലേക്ക് അടയ്‌ക്കേണ്ടത്. ചെറിയ ടിപ്പർലോറിയിൽ അഞ്ചുടൺ ആണ് ജിയോളജി വകുപ്പ് കണക്കാക്കുന്നത്. ഇങ്ങനെയാകുമ്പോൾ ഒരു ലോഡ് കല്ലിന് 120 രൂപയാണ് സർക്കാരിലേക്കു ലഭിക്കേണ്ടത്. നൂറു ലോഡ് കല്ല് ഈ അനധികൃത മടകളിൽനിന്ന് കയറ്റിപ്പോകുന്നതായി കണക്കാക്കിയാൽത്തന്നെ 12,000 രൂപ വരും. ഈ തുകപോലും അടയ്ക്കാതെ ലക്ഷങ്ങളുടെ ഇടപാടാണ് അനധികൃത പാറമടകളിലൂടെ നടക്കുന്നത്. ചെറിയ ടിപ്പർലോറിയിൽ ഏകദേശം 200 ചെങ്കല്ലാണ് കയറ്റുന്നത്. ഒരു കല്ലിന് 50 രൂപയ്ക്കാണ് ആവശ്യക്കാർക്ക് ഇറക്കിക്കൊടുക്കുന്നത്. ഒരുദിവസം നൂറുലോഡ് കണക്കാക്കിയാൽതന്നെ 20,000 കല്ല് ഈ പ്രദേശത്തെ പാറമടകളിൽനിന്നു മാത്രം കയറ്റിപ്പോകുന്നു. കല്ല് വെട്ടിയെടുക്കാനുള്ള ചെലവും വാഹനവാടകയും കൂലിയും മറ്റും കൂട്ടിയാലും വൻലാഭമാണ് പാറമടകൾ പ്രവർത്തിപ്പിക്കുന്നവർ നേടുന്നത്. അതേസമയം സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുക ലഭിക്കുന്നുമില്ല.
പിടിച്ചെടുത്ത വാഹനങ്ങളുടെയും അനധികൃത പാറമട പ്രവർത്തിച്ച സ്ഥലത്തിന്റെയും വിവരങ്ങൾസഹിതം തഹസിൽദാർ ജില്ലാ മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിന് റിപ്പോർട്ട് നൽകും. ഇതുപ്രകാരം ജിയോളജി വിഭാഗം സ്ഥലത്തെത്തി അളവെടുക്കും. ഇത്ര ക്യുബിക് മീറ്റർ കല്ലാണ് വെട്ടിയെടുത്തതെന്ന് നിശ്ചയിച്ച് കല്ലിന്റെ സർക്കാർ നിശ്ചിത തുകയുടെ മൂന്നിരട്ടി പിഴയായി ഈടാക്കി തുടർനടപടികൾ സ്വീകരിക്കും.
അനധികൃത ചെങ്കൽമടകളിൽ നടത്തിയ വാഹനവേട്ടയിൽ പിടിച്ചെടുത്തവ സൂക്ഷിക്കാൻ സ്ഥലമില്ലാതെ പകുതിയിലേറെ മലപ്പുറത്തെ കളക്ടറേറ്റ് വളപ്പിലേക്കു മാറ്റി. പിടിച്ചെടുത്തവ സൂക്ഷിക്കേണ്ടത് റവന്യൂവകുപ്പാണ്. 72 ടിപ്പർലോറികളിൽ 40 എണ്ണമാണ് 25 കിലോമീറ്ററോളം അകലെയുള്ള കളക്ടറേറ്റ് വളപ്പിലേക്കു മാറ്റിയത്. ഇവ വളപ്പിനുള്ളിലെ റോഡരികിലായി നിർത്തിയിട്ടിരിക്കുകയാണ്. ബാക്കിയുള്ള വാഹനങ്ങൾ പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് വളപ്പിലും പരിസരങ്ങളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്.