Perinthalmanna Radio
Date: 04-11-2022
പെരിന്തൽമണ്ണ: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കായി പണിയാവുന്ന ഏറ്റവും അനുയോജ്യമായ സ്മാരകമാണ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
അക്കാദമിയിൽ നിർമിക്കുന്ന ജീപ്പാസ് മൂസഹാജി സ്മാരക ബ്ലോക്കിന് തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പാവപ്പെട്ട കുട്ടികൾക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക്ക് സമീപം വാങ്ങിയ 37 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടമാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു.
മുദ്ര ട്രസ്റ്റ് ഡയറക്ടർ ഡോ. പി. ഉണ്ണീൻ, മുൻമന്ത്രി നാലകത്ത് സൂപ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, സി. മുഹമ്മദ് മുസ്തഫ, എ.കെ. നാസർ, സജിത്ത് ഞാളൂർ, ചമയം ബാപ്പു, എസ്. അബ്ദുസലാം, വി. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.