മക്കരപ്പറമ്പിലെ വാഹനാപകടം;  ബസ് ഡ്രൈവർക്ക് രണ്ടു വർഷം തടവും പിഴയും

Share to

Perinthalmanna Radio
Date: 06-05-2023

പെരിന്തൽമണ്ണ: 2013-ൽ ദേശീയപാതയിലെ മക്കരപ്പറമ്പിൽ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച കേസിൽ ബസ് ഡ്രൈവറെ രണ്ടുവർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബസ് ഡ്രൈവർ പുഴക്കാട്ടിരി രാമപുരം ബ്ലോക്ക് പടി തെക്കേതിൽ ഹംസ (52)യെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി.കെ. യഹിയ ശിക്ഷിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പിലാണ് ശിക്ഷ. ഇതുകൂടാതെ ശ്രദ്ധയില്ലാതെ പൊതുറോഡിൽ വാഹനമോടിച്ചതിനുള്ള വകുപ്പ് പ്രകാരം ഒരുമാസം തടവും ആയിരം രൂപ പിഴയുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് ലക്ഷ്മൺ ഹാജരായി.

2013 നവംബർ മൂന്നിന് വൈകീട്ട് 6.20-ഓടെയാണ് മക്കരപ്പറമ്പ് ടെലിഫോൺ എക്സ്‌ചേഞ്ചിന് സമീപമുണ്ടായ അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രാമപുരം വലിയകുളം റോഡ് തയ്യിൽ ഹനീഫയുടെ മകൻ സാദിഖ്(28), ഭാര്യ ഷാലിമ(20) ഇവരുടെ ഒന്നരവയസ്സുള്ള ഏകമകൾ മിൻഹ ഫാത്തിമ, സാദിഖിന്റെ സഹോദരിയുടെ മകൾ ഷഹനാസ് അനം(8) എന്നിവർ മരിച്ചത്. ദമ്പതിമാർ സംഭവസ്ഥലത്തും മിൻഹ ആശുപത്രിയിലും ഷഹനാസ് അനം ചികിത്സയിലിരിക്കേ മൂന്നാംദിവസവുമാണ് മരിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ അടിയിൽപ്പെട്ട ബൈക്ക് പത്തുമീറ്ററോളം ദൂരേക്ക്‌ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്. വിദേശത്തുനിന്ന് അവധിക്കുവന്ന സാദിഖ് മടങ്ങിപ്പോകാനിരിക്കേയായിരുന്നു അപകടം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *