Perinthalmanna Radio
Date: 04-01-2023
പെരിന്തൽമണ്ണ: പുതിയ സംസ്ഥാന ബജറ്റിന് തകൃതിയായ ഒരുക്കം നടക്കുമ്പോൾ പെരിന്തൽമണ്ണ, മങ്കട നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന താലൂക്കിന്റെയും പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളുടെയും മുഖ്യ ആവശ്യം പെരിന്തൽമണ്ണ ജില്ല ആശുപത്രിയോട് ചേർന്ന മാതൃ ശിശു ബ്ലോക്ക് സ്വതന്ത്ര ആശുപത്രിയാക്കി ഉയർത്തൽ.
മൂന്നു നിലകളിലായി 200 കിടക്കകളിടാവുന്ന സൗകര്യവും തിയറ്ററുകളുമുണ്ട്. എന്നാൽ, കെട്ടിടം നിർമിച്ച് ജില്ല ആശുപത്രിയുടെ മാതൃ- ശിശു ബ്ലോക്കാക്കി നിർത്തിയതല്ലാതെ വേണ്ടത്ര ഡോക്ടർമാരോ, നഴ്സിങ് പാരാ മെഡിക്കൽ ജീവനക്കാരോ ഇല്ലാതെ നട്ടം തിരിയുകയാണ്. 2014 ജനുവരി നാലിനാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കിയത്. അതേ ഉത്തരവിൽ ഒമ്പത് പുതിയ തസ്തികകളും സർക്കാർ അനുവദിച്ചു. ജില്ല ആശുപത്രി പ്രസവ വാർഡിലെ 30 ബെഡുകളും അവിടത്തെ നാല് ഗൈനക്കോളജി ഡോക്ടർമാരെയും ഏതാനും നഴ്സുമാരെയും വെച്ച് പ്രവർത്തനം തുടങ്ങിയ മാതൃ ശിശു ബ്ലോക്ക് സ്വതന്ത്ര ആശുപത്രിയാക്കി ഉയർത്താൻ സർക്കാർ നടപടി കാത്തിരിക്കുകയാണ്.
മുൻ സർക്കാറും രണ്ടാം വർഷത്തിൽ എത്തിയ പുതിയ സർക്കാറും പുതിയ തസ്തികകൾ അനുവദിക്കാതെ അവഗണന തുടരുകയാണ്. പത്തു വർഷം മുമ്പ് പണിത മാതൃ-ശിശു ബ്ലോക്കിലേക്ക് ജില്ല ആശുപത്രി പ്രസവ വാർഡ് മാറ്റുക മാത്രമാണ് ഇതു വരെ ആകെ ചെയ്തത്. ജില്ലയിൽ സ്വതന്ത്രമായ ഒരു മാതൃ- ശിശു ആശുപത്രിയെങ്കിലും സ്ഥാപിക്കാൻ 30 വർഷം മുമ്പ് നടക്കുന്ന ശ്രമമാണ് ഇപ്പോഴും തുടരുന്നത്. വിമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ എന്ന പേരിൽ വേണ്ടത്ര തസ്തികകളോടെ പുതിയ സ്ഥാപനമാണ് വേണ്ടത്. ഇതിനായി മുറവിളികൾ ഉയരുന്നതല്ലാതെ നടപടികളില്ല.
15 വർഷം മുമ്പ് മഞ്ചേരിയിൽ നിർമാണം തുടങ്ങിയ ബ്ലോക്ക് മെഡിക്കൽ കോളേജ് അക്കാദമിക്കൽ ബ്ലോക്കാക്കി. പെരിന്തൽമണ്ണയിൽ കേന്ദ്ര സർക്കാർ നൽകിയ എൻ.എച്ച്.എം ഫണ്ട് ചെലവിടാൻ മാത്രമാണ് ഒരു കെട്ടിടമെങ്കിലും ഉണ്ടായത്. നാല് ഗൈനക്കോളജി ഡോക്ടർമാരാണിവിടെ. കോവിഡ് കാലത്ത് ഈ രോഗികളെ പഴയ കേന്ദ്രത്തിലേക്ക് തന്നെ വിട്ട് ഇത് കോവിഡ് ആശുപത്രിയുമാക്കി. സ്വതന്ത്രമായ മാതൃ- ശിശു ആശുപത്രിയായി അംഗീകാരം ലഭിക്കാൻ ജനപ്രതിനിധികളോ ജില്ല പഞ്ചായത്തോ വേണ്ട വിധം ഇപ്പോഴും ഇടപെടുന്നില്ല. ആശുപത്രിയിൽ ഒരു സൂപ്രണ്ട് തസ്തിക ഒഴിവു വന്നിട്ട് നാലു മാസത്തോളമായി. നികത്തുന്നില്ലെന്ന് മാത്രമല്ല, നികത്തണമെന്ന വിചാരവുമില്ല.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ