Perinthalmanna Radio
Date: 17-02-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ യുവതിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. മേലാറ്റൂർ കിഴക്കുംപാടം ത്രാവോട്ടിൽ നീതു(24)വിനെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
കഴിഞ്ഞ 10-ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറെ കണ്ടശേഷം തന്റെ ചെറിയ കുഞ്ഞിനേയും ഏഴുവയസ്സുള്ള മറ്റൊരാൺകുട്ടിയേയും അടുത്തുള്ള കോണിപ്പടിയിലിരുത്തി മരുന്ന് വാങ്ങാൻ ഫാർമസിയിലെത്തിയതായിരുന്നു പൊന്ന്യാകുർശ്ശി സ്വദേശിനിയായ സ്ത്രീ. പരിസരത്ത് നല്ല തിരക്കുള്ള സമയമായിരുന്നു. മരുന്നു വാങ്ങി തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിലെ ലോക്കറ്റോടുകൂടിയ സ്വർണമാല മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആശുപത്രിയിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിച്ചു. പെരിന്തൽമണ്ണ സി.ഐ. സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ. എ.എം. യാസിറും സംഘവും നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പെരിന്തൽമണ്ണയിലെ ഒരു ജൂവലറിയിൽ മാല വിറ്റതായി യുവതി പോലീസിനോട് പറഞ്ഞു. വനിതാ എസ്.സി.പി.ഒ. ജയമണി, സി.പി.ഒ. സുനിജ, പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ