പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 11.89 കോടിക്ക് പ്ലാൻ തയാറാക്കാതെ കിറ്റ്കോ

Share to

Perinthalmanna Radio
Date: 26-10-2022

പെരിന്തൽമണ്ണ: കിഫ്ബി വഴി ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിൽ പൂർത്തിയാക്കുന്ന നിർമാണ പദ്ധതികളുടെ പുരോഗതി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനത്തിൽ വിലയിരുത്തി. മന്ത്രി, ആരോഗ്യ ഡയറക്ടർ, പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ഏജൻസികൾ എന്നിവർ തിരുവനന്തപുരത്തും മറ്റു പ്രതിനിധികൾ ഓൺലൈനിലുമായാണ് യോഗത്തിൽ പങ്കെ ടുത്തത്. കിറ്റ്കോ, ബി.എസ്.എൻ. എൽ, കെ.എസ്.ഇ.ബി, ഇൻകെൽ അടക്കം 11 ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു. സർക്കാർ പണമനുവദിച്ചിട്ടും അനാവശ്യമായി നീളുന്നെന്ന പരാതി ആയിരുന്നു കിറ്റ്കോയെക്കുറിച്ച്.

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 2020 ഒക്ടോബർ എട്ടിനാണ് 11.89 കോടി രൂപ കിഫ്ബി അനുവദിച്ചത്. സാധാരണ ഒരു വർഷം കൊണ്ട് നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കേണ്ടതാണ്. എന്നാൽ, പ്രവൃത്തി ഏറ്റെടുത്ത സർക്കാർ ഏജൻസി പ്ലാൻ പോലും തയാറാക്കിയിട്ടില്ല. നിലവിലെ ആശുപത്രിയിൽ ഒ.പി കൗണ്ടർ, അത്യാഹിത വിഭാഗം എന്നിവ പൊളിച്ച് ഒ.പി, അത്യാഹിത വിഭാഗം, ഡയഗ്നോസ്റ്റിക്, ഐ. സി.യു, മൈനർ ഒപറേഷൻ തിയറ്റർ എന്നിവയാണ് പൂർത്തിയാക്കേണ്ടത്.

രണ്ടു വർഷമായിട്ടും പ്ലാൻ പോലും തയാറാക്കിയിട്ടില്ല. നിർമാണം നടത്തേണ്ട സ്ഥലം നിശ്ചയിച്ച് കിട്ടിയിട്ടില്ല എന്നായിരുന്നു കിറ്റ്കോ ഉദ്യോഗസ്ഥരുടെ ആദ്യ വിശദീകരണം. പദ്ധതിക്ക് പ്ലാൻ തയാറാക്കിയിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ പ്ലാൻ കാണിക്കാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും കാണിക്കാനായില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ ബ്ലോക്കിൽ എന്തെല്ലാം വേണ്ടതുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥരും ഡോക്ടർമാരും ചർച്ച നടത്തി മിനിറ്റ്സ് തയാറാക്കിയിട്ടുണ്ട്. ഇത് നോക്കി കെട്ടിടം പണിക്ക് ഒരുക്കം നടത്തേണ്ടത് കിറ്റ്കോയാണ്. വയനാട് ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിക്ക് വേണ്ടി തയാറാക്കിയ പ്ലാനുമായി ഒരിക്കൽ ആശുപത്രിയിലെത്തിരു ന്നു. അതേ സമയം, സർക്കാർ അനുവദിച്ച ഫണ്ട് സമയ ബന്ധിതമായി വിനിയോഗിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കാത്തതിൽ വലിയ പ്രതിഷേധമുണ്ട്.

Share to