പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി

Share to

Perinthalmanna Radio
Date: 22-06-2023

പെരിന്തൽമണ്ണ : മൂന്നു ദിവസത്തിനിടെ മൂർഖൻപാമ്പിന്റെ പത്ത്‌ കുഞ്ഞുങ്ങളെ കണ്ടെത്തിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ സർജിക്കൽ വാർഡിൽ ബുധനാഴ്‌ച ഒന്നിനെക്കൂടി കണ്ടെത്തി. പഴയ ഓപ്പറേഷൻ തിയേറ്ററിനടുത്തെ സ്റ്റോർ മുറിയിലാണ് ഉച്ചയ്ക്ക് ഒരുമണിയോടെ പാമ്പിൻകുഞ്ഞിനെ കണ്ടത്.

ഭീതിയെത്തുടർന്ന് സർജിക്കൽ വാർഡിൽ ചികിത്സയിലുള്ള മുഴുവൻ രോഗികളെയും മാറ്റാൻ അധികൃതർ ഉച്ചയോടെ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും പാമ്പിൻകുഞ്ഞിനെ കണ്ടത്. ഇതോടെ ഇരുപതോളം രോഗികളെയും വേഗത്തിൽ മാറ്റി. കുറച്ചുപേരെ പഴയ ബ്ലോക്കിലെ വാർഡിലേക്കും ബാക്കിയുള്ളവരെ ആംബുലൻസിൽ ദേശീയപാതയ്ക്കപ്പുറത്തെ മാതൃ-ശിശു ബ്ലോക്കിലേക്കുമാണ് മാറ്റിയത്.

ശനിയാഴ്‌ച രാവിലെ മുതലാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടുതുടങ്ങിയത്. സർജിക്കൽ വാർഡിന്റെ പ്രവേശന ഭാഗത്തുവെച്ച് ചികിത്സയിലുള്ളയാൾ അറിയാതെ ചവിട്ടുകയായിരുന്നു. പിന്നീടാണ് രണ്ടരവർഷത്തോളമായി ഉപയോഗിക്കാതിരിക്കുന്ന പഴയ ഓപ്പറേഷൻ തിയേറ്റർ മുറിയിലും പരിസരത്തുമായി മറ്റു കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. തുടർന്ന് ഒരുഭാഗത്തെ രോഗികളെ മാറ്റിയിരുന്നു. ട്രോമാകെയറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്‌ച രാത്രിയും രണ്ടു പാമ്പിൻ കുഞ്ഞുങ്ങളെ കിട്ടിയിരുന്നു.

സംഭവത്തെത്തുടർന്ന് ആശുപത്രിയുടെ കാന്റീൻ പരിസരത്തും മറ്റുമുള്ള പുൽക്കാടുകൾ ബുധനാഴ്‌ച രാവിലെത്തന്നെ വെട്ടിനീക്കാൻ തുടങ്ങി. മറ്റു ഭാഗങ്ങൾകൂടി വൃത്തിയാക്കുമെന്നും പഴയ കെട്ടിടത്തിന്റെ തറയോടുചേർന്നുള്ള ദ്വാരങ്ങൾ അടയ്ക്കുമെന്നും ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. ബിന്ദു പറഞ്ഞു. കൂടുതൽ പാമ്പിൻകുഞ്ഞുങ്ങളോ പാമ്പുകളോ ഉണ്ടോയെന്നറിയാൻ റെസ്‌ക്യൂ സംഘം വ്യാഴാഴ്‌ച വിശദമായി പരിശോധിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.

പഴയ ബ്ലോക്കിലെ സർജിക്കൽ വാർഡ് കെട്ടിടത്തോടു ചേർന്നാണ് അത്യാഹിതവിഭാഗമടക്കം പ്രവർത്തിക്കുന്നത്. ഈ കെട്ടിടങ്ങൾക്കു പിന്നിലായി കാന്റീനുമുണ്ട്. കോൺക്രീറ്റ് തൂണുകളിൽ നിർമിച്ച കെട്ടിടങ്ങളുടെ തറയുടെ അടിഭാഗം മുഴുവനായും നിറക്കാത്തതിനാൽ വലിയ ദ്വാരങ്ങളുണ്ട്. ഇത്തരം മാളങ്ങളിൽനിന്നാകാം പാമ്പിൻകുഞ്ഞുങ്ങൾ വരുന്നതെന്നാണു കരുതുന്നത്.

പഴയ ഓപ്പറേഷൻ തിയേറ്ററിനടുത്തെ സ്റ്റോർ മുറിയും ഉപയോഗിക്കാറില്ല. ഇതിന്റെ വശങ്ങൾ മറച്ചിട്ടുള്ള ഷീറ്റുകളുടെ അടിഭാഗങ്ങളിലും ദ്വാരങ്ങളുണ്ട്. ഇതുവഴിയും പാമ്പുകൾക്കു കയറാനാകും.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *