പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് ഇതുവരെ പിടിച്ചത് 14 പാമ്പുകളെ

Share to

Perinthalmanna Radio
Date: 23-06-2023

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിനോടു ചേർന്നുള്ള പഴയ ഓപ്പറേഷൻ തീയേറ്റർ മുറിയിൽ വ്യാഴാഴ്ച മൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെക്കൂടി കണ്ടെത്തി. ഇതോടെ ആറ് ദിവസത്തിനിടെ പിടികൂടിയ പാമ്പിൻകുഞ്ഞുങ്ങളുടെ എണ്ണം 14 ആയി. ഡി.എം.ഒ. യുടെയും എം.എൽ.എ. യുടെ സന്ദർശനത്തിന് ഇടെയാണ് ഇവയെ കണ്ടത്.

ഉച്ചയോടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയുടെ സന്ദർശനത്തിന് ഇടെയാണ് രണ്ടെണ്ണത്തെ കണ്ടെത്തിയത്. വൈകീട്ട് മൂന്നോടെ നജീബ് കാന്തപുരം എം.എൽ.എ. ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു മൂന്നാമത്തെ പാമ്പിനെക്കൂടി കണ്ടത്. എം.എൽ.എ. യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദുവും ജീവനക്കാരും പാമ്പുകളെ കണ്ട സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെയാണ് ഇത് എത്തിയത്. ആശുപത്രി ജീവനക്കാരിയടക്കമുള്ളവർ ഇതിനെ കുപ്പി കൊണ്ട് അടച്ച് ബക്കറ്റിലാക്കി. പിന്നീട് ജില്ലാ ട്രോമാകെയറിലെ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പാമ്പുപിടിത്തക്കാരെത്തി ഇവയെ കൊണ്ടുപോയി.

മൂന്നെണ്ണത്തെയും രണ്ടു വർഷത്തോളമായി ഉപയോഗിക്കാതെ കിടക്കുന്ന ഓപ്പറേഷൻ തീയേറ്റർ മുറിയിലാണ് കണ്ടത്. ബുധനാഴ്ചയോടെ മുഴുവൻ രോഗികളെയും സർജിക്കൽ വാർഡിൽനിന്ന് മാറ്റിയതിനാൽ വാർഡും പരിസരവും ആളൊഴിഞ്ഞിരിക്കുകയാണ്.

റോഡിന് എതിർ വശത്തുള്ള മാതൃശിശു ബ്ലോക്കിൽ സുരക്ഷാപ്രവൃത്തികൾ നടക്കുകയാണ്. ഇത് 15 ദിവസത്തിനകം പൂർത്തിയാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതുകഴിഞ്ഞാൽ വാർഡും തീയേറ്ററും അവിടേക്ക് മാറ്റുമെന്നും ഡി.എം.ഒ. പറഞ്ഞു. ഇതോടെ മാസ്റ്റർപ്ലാൻ പ്രകാരമുള്ള പണികൾ കൂടി നടത്തുന്നതിന് സൗകര്യമാകും.

പാമ്പ് വരുന്നതെന്ന് കരുതുന്ന റാമ്പിനടിയിലെ മാളങ്ങൾ ഉടൻ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലമ്പൂരിൽ നിന്നുള്ള പാമ്പുപിടിത്തക്കാരും ജില്ലാ ട്രോമാകെയറിന്റെ വൊളന്റിയർമാരും സ്ഥലം പരിശോധിച്ചിട്ടുണ്ട്. പാമ്പ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ വാർഡ് തുറക്കാനാകൂ.

എം.എൽ.എ. യുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയുടെയും നേതൃത്വത്തിൽ വൈകീട്ട് ആശുപത്രിയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *