പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല

Share to

Perinthalmanna Radio
Date: 04-07-2023

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. കൂടുതൽ ആളുകളും ആശ്രയിക്കുന്ന വിഭാഗങ്ങളിൽ ഇപ്പോൾ മുൻപുണ്ടായിരുന്നത്ര ഡോക്ടർമാർപോലുമില്ല. പലതിലും ഒരാൾ മാത്രമാണുള്ളത്. അസ്ഥിരോഗ വിഭാഗത്തിൽ മുൻപ് നാലുപേരുണ്ടായിരുന്നത് ഇപ്പോൾ ഒരാളേയുള്ളൂ.

കഴിഞ്ഞദിവസം ഈ ഡോക്ടർ ശസ്ത്രക്രിയകളുടെ തിരക്കിലായതിനാൽ ചികിത്സയ്ക്കെത്തിയ പലർക്കും മടങ്ങിപ്പോകേണ്ടി വന്നു. ഈ വിഭാഗത്തിലേക്ക് സ്ഥലംമാറ്റത്തിലൂടെ പുതിയ ഒരു ഡോക്ടർ എത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇദ്ദേഹത്തെ ഡെപ്യൂട്ടേഷനിൽ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയുംചെയ്തു

‌ഒട്ടേറെ സ്വകാര്യ ആശുപത്രികളുള്ള സ്ഥലമാണ് പെരിന്തൽമണ്ണ. ഇവിടങ്ങളിലേതടക്കം അപകടങ്ങളിൽപ്പെട്ടു മരിക്കുന്നവരുടെ മൃതദേഹം പോസ്റ്റുമോർട്ടംചെയ്യുന്നത് ജില്ലാ ആശുപത്രിയിലാണ്. എന്നാൽ ഫൊറൻസിക് സർജൻ ഇല്ലാത്തതിനാൽ പലർക്കും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടി വരുന്നു. ഡെപ്യൂട്ടേഷനിലൂടെ ഒരു ഫൊറൻസിക് സർജൻ എത്തിയെങ്കിലും ഇദ്ദേഹവും അത്യാഹിതവിഭാഗത്തിലെ രണ്ടു മെഡിക്കൽ ഓഫീസർമാരും ഹജ്ജ് ഡ്യൂട്ടിയിലാണ്.മൂന്നുപേരുണ്ടായിരുന്ന അനസ്‌തേഷ്യ വിഭാഗത്തിൽ ഇപ്പോൾ ഒരാളേയുള്ളൂ. പുതിയതായെത്തിയ ഡോക്ടർ ചുമതലയേറ്റതിന്റെ പിറ്റേന്ന് നീണ്ട അവധിയെടുത്തു. ഒഫ്താൽമോളജി വിഭാഗത്തിലെ ഡോക്ടറെ ഡെപ്യൂട്ടേഷനിൽ തിരൂരിലേക്കു മാറ്റി. മാതാവിനും കുട്ടികൾക്കുമായി പ്രത്യേക ബ്ലോക്കും ചികിത്സയുമുള്ള ആശുപത്രിയിൽ കുട്ടികളുടെ വിഭാഗത്തിൽ ആകെയുള്ളത്‌ രണ്ടു ഡോക്ടർമാരാണ്. അതിൽ ഒരാൾ അവധിയിലും. കൂടുതൽ ഡോക്ടർമാരുണ്ടായിരുന്ന മറ്റു പല വിഭാഗങ്ങളിലും ഇപ്പോൾ ഒരാൾ വീതമേയുള്ളൂ.

170 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ കഴിഞ്ഞദിവസം 63 പേരാണ് ആകെ ചികിത്സയിലുണ്ടായിരുന്നത്. സാധാരണക്കാരന് ആശ്രയമാകുന്ന ആശുപത്രിയിലെത്തിയാൽ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്ന സ്ഥിതിയാണിപ്പോൾ.

ജീവനക്കാരുടെയും ഡോക്ടർമാരുടെയും കുറവുമൂലം ആശുപത്രി പ്രവർത്തനം താളംതെറ്റാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്റ്റാഫ് പാറ്റേൺ പുതുക്കി കൂടുതൽപ്പേരെ നിയോഗിക്കാനുള്ള നടപടികളുണ്ടാകുന്നുമില്ല.

ഇതിനിടയിലാണ് രണ്ടാഴ്‌ചയോളം ആശുപത്രിയിൽ പാമ്പ് ഭീതിയുണ്ടായത്. തുടക്കത്തിൽ അടച്ചിട്ട സർജിക്കൽ വാർഡിൽ രോഗികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടില്ല.

പകർച്ചവ്യാധികളുടെ കാലമായിട്ടും രോഗികൾ പൊതുവേ കുറവാണ്. ആശുപത്രിയിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ആറിന് ആശുപത്രി പരിപാലനസമിതി യോഗം ചേരുന്നുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *