Perinthalmanna Radio
Date: 11-07-2023
പെരിന്തൽമണ്ണ: സർക്കാറും ആരോഗ്യ വകു പ്പും തുടരുന്ന അവഗണനക്കിടെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ ദുരിതാവസ്ഥ ജനപ്രതിനിധികൾ ചൊവ്വാഴ്ച ആരോഗ്യ മന്ത്രി വീണ ജോർജിനെ ധരിപ്പിക്കും. 177 കിടക്കകളുള്ള ആശുപത്രിയിൽ 60നും 70നും ഇടയിലാണ് മിക്കപ്പോഴും കിടത്തിച്ചികിത്സ.
അത്യാഹിത വിഭാഗത്തിൽ വേണ്ട വിധം ചികിത്സ നൽകാനാവുന്നില്ല. എട്ടു മാസമായി ആശുപത്രിയിൽ സൂപ്രണ്ടില്ല. പ്രവർത്തനം മെച്ചപ്പെടുത്താൻ ജില്ല കലക്ടർ നിർദ്ദേശിച്ച കാര്യങ്ങൾ ഡി.എം.ഒയോ ആശുപത്രി അധികൃതരോ നടപ്പാക്കാൻ താൽപര്യമെടുക്കുന്നില്ല. അത്യാഹിത വിഭാഗം കാര്യക്ഷമമാക്കാൻ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ച് എമർജൻസി ഓപറേഷൻ സംവിധാനം പുനഃ സ്ഥാപിക്കണമെന്നാണ് ഏറെനാളായി ഉയരുന്ന ആവശ്യം.
ജില്ല ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ ഡെപ്യൂട്ടേഷനിലോ വർക്ക് അറേജ്മെന്റിലോ മറ്റു ആശുപത്രികളിലേക്ക് മാറ്റാതിരിക്കുക, മാറ്റിയവരെ ഉടൻ തിരിച്ച് എത്തിക്കുക, എട്ടു വർഷം മുമ്പ് നിർമിച്ച മാതൃ ശിശു ബ്ലോക്കിന് പുതിയ അഡ്മിനിസ്ട്രേഷനും മേലധികാരിയെയും അനുവദിക്കുക, ഉദ്യോഗസ്ഥ അനാസ്ഥ കൊണ്ട് മൂന്നു വർഷമായി മുടങ്ങി കിടക്കുന്ന 11 കോടിയുടെ കിഫ്ബി ബ്ലോക്കിന് തടസം മാറ്റി നിർമാണം ആരംഭിക്കുക, കൂടുതൽ സ്റ്റാഫ് നഴ്സ്, പാരാ മെഡിക്കൽ തസ്തിക സൃഷ്ടിക്കുക, ആദ്യ ഘട്ടമായി എൻ.എച്ച്.എം പദ്ധതിയിൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയാണ് ആശുപത്രിയുടെ വികസനത്തിന് പൊതു ജനങ്ങളും വിവിധ സംഘടനകളും ഉയർത്തുന്ന നിർദേശങ്ങൾ. നജീബ് കാന്തപു രം എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് അധികൃതരും എച്ച്.എം.സിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ