Perinthalmanna Radio
Date: 06-11-2022
പെരിന്തൽമണ്ണ: പക്ഷാഘാതം വന്ന വയോധികയെ നിർണായക ചികിത്സ നൽകാതെ നാലു മണിക്കൂറോളം ജില്ല ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടത്തിയ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രി അധികൃതരോട് വിശദീകരണം തേടി. ലോക പക്ഷാഘാത ദിവസമാണ് ഇതു സംബന്ധിച്ച് വാർത്ത പുറത്ത് വന്നത്. പത്ര വാർത്ത അടക്കമാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കത്ത് ലഭിച്ച് രണ്ടു ദിവസത്തിനകം നൽകണമെന്നും ഡി.എം.ഒ ആവശ്യപ്പെട്ടു.
കീഴാറ്റൂർ സ്വദേശിനിയായ 70 കാരിയെയാണ് വിദഗ്ധ പരിശോധന നടത്താതെ ആശുപത്രിയിൽ വെറുതെ കിടത്തിയത്. സംസാരത്തിൽ അവ്യക്തതയായിരുന്ന ആദ്യ രോഗലക്ഷണം. രക്തത്തിൽ സോഡിയം കുറഞ്ഞതാവാം കാരണമെന്ന നിഗമനത്തിൽ രക്തം പരിശോധിക്കാനും ഒരാഴ്ചക്ക് മരുന്നിനും നിർദേശിക്കുക ആയിരുന്നു. രാവിലെ 11ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മൂന്നിനാണ് പറഞ്ഞു വിട്ടത്. രണ്ടു വനിത ഡോക്ടർമാരായിരുന്നു ഈ സമയം ഡ്യൂട്ടിയിൽ. ജില്ല ആശുപതിയിൽ നിന്ന് തിരിച്ചയച്ച വയോധികക്ക് വാഹനത്തിൽ കയറാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. പിന്നീട് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പക്ഷാഘാതമാണെന്നും ആദ്യ മണിക്കൂറുകൾ നിർണായക പരിചരണം നൽകേണ്ടതായിരുന്നെന്നും ഡോക്ടർമാർ അറിയിച്ചത്. സംഭവത്തിൽ ഇതു വരെ കുടുംബം പരാതി നൽകിയിട്ടില്ല.