പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എച്ച്.ടി. ട്രാൻസ്‌ഫോർമർ പ്രവർത്തനക്ഷമമാക്കി

Share to

Perinthalmanna Radio
Date: 20-10-2022

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ പഴയ ബ്ലോക്കിൽ സ്ഥാപിച്ച ഹൈ ടെൻഷൻ ട്രാൻസ്‌ഫോർമർ(എച്ച്.ടി.) പ്രവർത്തനക്ഷമമാക്കി. 2021-22 വർഷത്തെ പദ്ധതിവിഹിതം ഉപയോഗിച്ച് സ്ഥാപിച്ച ട്രാൻസ്‌ഫോർമറാണ് കെ.എസ്.ഇ.ബി., കെ.ഇ.എല്ലിലെ സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമാക്കിയത്.

നിലവിൽ ആശുപത്രിയിലേക്ക് വൈദ്യുതി നൽകുന്നതിനായി ആറോളം കണക്ഷനുകളുണ്ടായിരുന്നു. ഇവയെല്ലാം എച്ച്.ടി.യിലൂടെയാക്കും. ഇതോടെ പഴയ ബ്ലോക്കിലേക്കുള്ള എല്ലാ കണക്ഷനും ഒരു വൈദ്യുതിമീറ്റർ വഴിയാണ് പോകുക. വൈദ്യുതിവിതരണം എളുപ്പമാകുന്നതിനൊപ്പം വോൾട്ടേജ് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കായാണ് പ്രധാനമായും എച്ച്.ടി. ട്രാൻസ്‌ഫോർമർ ഉപയോഗപ്പെടുക.

ബ്ലഡ് ബാങ്ക്, ഓക്‌സിജൻ ജനറേറ്ററിനായി സ്ഥാപിച്ച ലോ ടെൻഷൻ പ്രത്യേക ട്രാൻസ്‌ഫോർമറുകൾ നീക്കം ചെയ്യും. പഴയ കണക്ഷനുകൾ ഒഴിവാക്കി എച്ച്.ടി.യിൽനിന്ന് കണക്ഷൻ നൽകുന്ന പ്രവൃത്തി അടുത്തയാഴ്ച പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് ഒട്ടേറെ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. സബ്കളക്ടർ ശ്രീധന്യ സുരേഷും അന്നത്തെ സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്തുമാണ് ഇതിനായി മുൻകൈയെടുത്തത്.

———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to