പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും

Share to

Perinthalmanna Radio
Date: 28-01-2023

പെരിന്തൽമണ്ണ: മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച്  ഇന്ന് അന്വേഷണം തുടങ്ങും. പെരിന്തൽമണ്ണ പൊലീസിൽ നിന്ന് ഇന്നലെയാണ് അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ബാലറ്റ് പെട്ടികൾ കൈകാര്യം ചെയ്തതിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്നായിരുന്നു ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം. ഗുരുതര അലംഭാവം ഉണ്ടായെന്നും ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു.

ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് ആയിരിക്കും പൊലീസ് അന്വേഷണം. ഈ ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ മറുപടി കൂടി പരിഗണിച്ച് തിങ്കളാഴ്ചയ്ക്കകം ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രിയാണെന്ന ധാരണയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്ത് എത്തിച്ച സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ആദ്യം സൂക്ഷിച്ച പെരിന്തല്‍മണ്ണ ട്രഷറിയില്‍ തന്നെയായിരുന്നു പെരിന്തല്‍മണ്ണ ബ്ലോക്ക് തദ്ദേശ തെരഞ്ഞെടുപ്പ് വസ്തുക്കളും സൂക്ഷിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നശിപ്പിക്കാന്‍ വേണ്ടിയാണ് തദ്ദേശ തെര‍ഞ്ഞെടുപ്പ് സാമഗ്രികള്‍ പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്നും നിന്നും മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസിലേക്ക് മാറ്റിയത്.

അതേസമയം, അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താണ് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിലെത്തിയത്. പോസ്റ്റൽ വോട്ടിൽ ഭൂരിഭാഗം വോട്ടും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് ഹർജിക്കാരന്‍റെ വാദം. 38 വോട്ടുകൾക്കാണ്  യുഡിഎഫ് സ്ഥാനാർത്ഥിയായ  നജീബ് കാന്തപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *