Perinthalmanna Radio
Date: 23-05-2023
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നിന്നു ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്യുന്ന ഹർജിയിൽ തെളിവെടുപ്പിനു ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. എതിർ സ്ഥാനാർഥിയായ കെ. പി. മുഹമ്മദ് മുസ്തഫ നൽകിയ ഹർജിയാണു ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിക്കുന്നത്. ഇതേ കോടതിയിൽ ജാമ്യക്കേസുകളും പരിഗണിക്കുന്നതിനാൽ സമയക്കുറവുള്ളതു കൊണ്ടാണു കക്ഷികളുടെ സമ്മതത്തോടെ തെളിവെടുപ്പിന് അഡ്വ. കെ.എൻ. അഭിലാഷിനെ കമ്മിഷനായി നിയോഗിച്ചത്.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പു രേഖകൾ കാണാതായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ 10 ദിവസം സാവകാശം തേടിയതു കോടതി അനുവദിച്ചു. അഭിഭാഷക കമ്മിഷനു സാക്ഷികളിൽ നിന്നു തെളിവെടുപ്പു നടത്താൻ ഹൈക്കോടതിയിലെ ഒഴിവുള്ള കോടതി മുറി സജ്ജീകരിക്കാൻ ജുഡീഷ്യൽ റജിസ്ട്രാറോടു നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തിരഞ്ഞെടുപ്പു രേഖകൾ തെളിവെടുപ്പിന് ആവശ്യമെങ്കിൽ കോടതി ഉദ്യോഗസ്ഥൻ കൈമാറണം. രേഖകൾ പരിശോധിക്കുമ്പോൾ ജുഡീഷ്യൽ റജിസ്ട്രാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നേരിട്ടു ഹാജരാകണം. ഏതെങ്കിലും രേഖകളുടെ കാര്യത്തിൽ കക്ഷികൾ എതിർപ്പ് ഉന്നയിച്ചാൽ അക്കാര്യം രേഖപ്പെടുത്തി കമ്മിഷൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തണം. പിന്നീടു വാദത്തിനിടെ ഇതു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി.
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം 38 വോട്ടിനാണു ജയിച്ചത്. 340 പോസ്റ്റൽ വോട്ട് സാങ്കേതിക സാങ്കേതിക കാരണം പറഞ്ഞ് എണ്ണാതെ മാറ്റിവച്ചെന്നും ഇതിൽ മുന്നൂറോളം വോട്ട് തനിക്കു ലഭിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണു മുഹമ്മദ് മുസ്തഫ ഹർജി നൽകിയത്. തിരഞ്ഞെടുപ്പു രേഖകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്നു കാണാതെ പോയതു വിവാദമായിരുന്നു. പിന്നീടു മലപ്പുറത്തെ സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ നിന്നാണു രേഖകൾ കണ്ടെടുത്തത്. തെളിവെടുപ്പിന്റെ പുരോഗതി വിലയിരുത്താൻ 26നു ഹർജി വീണ്ടും പരിഗണിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ