വേനൽ കടുത്തതോടെ വെള്ളത്തിനായി നെട്ടോട്ടമോടി അഗ്നിരക്ഷാസേന

Share to

Perinthalmanna Radio
Date: 10-03-2023

പെരിന്തൽമണ്ണ: വേനൽ കടുത്തതോടെ തീപ്പിടിത്തങ്ങൾ പതിവായി. വെള്ളവും കൊണ്ട് അപകട സ്ഥലങ്ങളിൽ ഓടിയെത്തേണ്ട അഗ്നി രക്ഷാസേന പക്ഷേ, വെള്ളം കിട്ടാൻ വഴിയില്ലാതെ വിയർക്കുകയാണ്. പല നിലയങ്ങളിലും വെള്ളം സംഭരിച്ചു വെയ്ക്കാൻ ടാങ്കുകളോ സ്വന്തമായി ജലസ്രോതസ്സുകളോ ഇല്ല. കുളങ്ങളെയും പുഴകളെയും ക്വാറികളെയും സ്വകാര്യ കിണറുകളെയുമാണ് ആശ്രയിക്കുന്നത്. വേനൽ കടുക്കുന്നതോടെ വെള്ളം കുറഞ്ഞാൽ പലയിടത്തും സ്ഥിതി പരുങ്ങലിലാവും. കിലോമീറ്ററുകളോളം അകലെ നിന്നാണ് പല നിലയങ്ങളും വെള്ളം ശേഖരിക്കുന്നത്.

ജില്ലയിലെ എട്ട് അഗ്നിരക്ഷാനിലയങ്ങളിൽ മലപ്പുറത്തും പൊന്നാനിയിലും തിരൂരിലും മാത്രമാണ് വെള്ളം ശേഖരിക്കാൻ സ്വന്തമായി സംവിധാനമുള്ളത്.

പെരിന്തൽമണ്ണ 50,000 ലിറ്റർ ശേഷിയുള്ള സംഭരണിയുണ്ടെങ്കിലും അത് നിറയ്ക്കാൻ വെള്ളമില്ലാത്ത സ്ഥിതിയിലാണ് പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയം. ജലവിതരണ വകുപ്പിന്റെ കണക്ഷനിൽ നിന്ന് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെള്ളം ലഭിക്കുന്നത് മതിയാവില്ല. അത്യാവശ്യ ഘട്ടങ്ങളിൽ രണ്ടു കിലോമീറ്റർ അകലെയുള്ള പൂപ്പലത്തെ സ്വകാര്യ കമ്പനിയുടെ വാൽവിൽ നിന്നും എട്ട് കിലോമീറ്ററോളം അകലെ കട്ടുപ്പാറയിൽ പുഴയിൽ നിന്നുമാണ് വെള്ളമെടുത്തിരുന്നത്. ടാങ്കിലേക്ക് വെള്ളമെത്തിച്ചിരുന്ന ലോറിക്ക്‌ ഫിറ്റ്‌നസ് നഷ്ടപ്പെട്ടതിനാൽ അതും മുടങ്ങി. ഇതിനാൽ പലപ്പോഴും രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ കിട്ടുന്നിടത്തുനിന്ന് വെള്ളം ശേഖരിക്കാറാണ് പതിവ്. കുഴൽക്കിണർ കുഴിച്ചിരുന്നെങ്കിലും വെള്ളമില്ലാതായതോടെ ഉപയോഗശൂന്യമായി. പുതിയ കിണർ കുഴിക്കുന്നതിനുള്ള നടപടികൾ ഇപ്പോഴും കടലാസിലാണ്.

സ്വന്തമായി ജലസംഭരണിയോ ജലസ്രോതസ്സോ ഇല്ലാത്തതിനാൽ ഏറെ പ്രയാസത്തിലാണ് നിലമ്പൂർ അഗ്നിരക്ഷാനിലയം. ഏഴ് കിലോമീറ്റർ അകലെയുള്ള ഏനാന്തി പുഴയിൽനിന്നാണ് വെള്ളമെടുക്കുന്നത്. വേനൽക്കാലത്ത് ജലനിരപ്പ് കുറയുന്നതോടെ വെള്ളത്തിന് കൂടുതൽ പ്രയാസമാകും. വനമേഖലയോട് തൊട്ടുകിടക്കുന്ന നിലയമായതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ ജലസൗകര്യം ആവശ്യമാണ്.

കച്ചേരിപ്പടി ബസ് സ്റ്റാൻഡിലെ പരിമിതമായ സ്ഥലത്താണ് മഞ്ചേരി അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്നത്. വെള്ളത്തിനായി സ്വന്തമായി സംവിധാനമില്ല. സമീപത്തുള്ള അരുകിഴായ മഹാദേവ ക്ഷേത്രത്തിലെ കുളത്തിൽനിന്നും നഗരത്തിലെ മാളുകളിലെ കിണറ്റിൽനിന്നുമാണ് വെള്ളം ശേഖരിക്കുന്നത്.

കെട്ടിടനിർമാണത്തിനായി സ്ഥലമുണ്ടെങ്കിലും ഫണ്ട് ലഭിക്കാത്തതിനാൽ നിർമാണം നീളുകയാണ്. ജില്ലയിലെ പ്രധാന നഗരമായ മഞ്ചേരിയിലെ അപകടങ്ങൾ നേരിടാൻ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ആവശ്യമാണ്.

ജലവിതരണവകുപ്പിൽനിന്നുള്ള വെള്ളം മുടങ്ങിയതിനാൽ രണ്ടാഴ്ചയായി തിരുവാലി അഗ്നിരക്ഷാനിലയം പ്രയാസത്തിലാണ്. തോടയത്തുള്ള തോട്ടിൽനിന്നും നടുവത്തുള്ള കരിങ്കൽക്വാറിയിൽനിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. 5000-ഉം 450-ഉം വീതം ശേഷിയുള്ള രണ്ട് വാഹനങ്ങളാണ് നിലയത്തിനു കീഴിലുള്ളത്.

താനൂർ അഗ്നിരക്ഷാനിലയിൽ മൂന്ന് വാഹനങ്ങളാണുള്ളത്. താത്‌കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി ജലം ശേഖരിക്കാനുള്ള സംവിധാനമില്ല. ചിറയ്ക്കൽ കുളത്തിൽനിന്നാണ് വെള്ളമെടുക്കുന്നത്. വേനൽക്കാലമായതിനാൽ തീപ്പിടിത്തങ്ങളും അപകടങ്ങളും കൂടുതലാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *