നാടിനെ ദുഃഖത്തിലാഴ്ത്തി ഉമ്മറിന്റെ മരണം

Share to

പൂന്താനം ദിനാഘോഷത്തിൽ ഗാനമാലപിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു

Perinthalmanna Radio
Date: 28-02-2023

പട്ടിക്കാട്: പതിനാലാം രാവുദിച്ചത് മാനത്തോ… കല്ലായിക്കടവത്തോ… ഉമ്മർ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പാടിയപ്പോൾ സദസ്സിലുള്ളവരും താളമിട്ടു. പക്ഷേ, തങ്ങളുടെ നാട്ടുകാരനും കലാകാരനുമായ ഉമ്മറിന്റെ അവസാന വേദിയാണെന്ന് അവരാരും നിനച്ചിരുന്നില്ല. പാട്ടിനെ അത്രമാത്രം സ്‌നേഹിച്ചിരുന്ന കലാകാരന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. പൂന്താനം ദിനാഘോഷത്തിന്റെ രണ്ടാംദിനം ഗാനം ആലപിക്കുമ്പോൾ സ്റ്റേജിൽ കുഴഞ്ഞു വീഴുകയായിരുന്നു തൊട്ടിക്കുളത്തിൽ ഉമ്മർ. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു. പാട്ടും ഹാർമോണിയം വായനയുമായി കലാ, സാംസ്കാരിക പ്രവർത്തനത്തിൽ നിറസാന്നിധ്യമായിരുന്നു.

നാടകരംഗത്തും ഉണ്ടായിരുന്നു. നാട്ടിൽ നടക്കുന്ന പരിപാടികളിൽ എപ്പോഴും ഉമ്മറിന്റെ സാനിധ്യമുണ്ടാവും. ഏത് വേദിയിലാണെങ്കിലും കക്ഷിരാഷ്ട്രീയം നോക്കാതെ പാടാൻ ഉമ്മർ എത്തുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

വിവിധ കൂട്ടായ്മകളിലും സുഹൃദ സംഗമങ്ങളിലും അദ്ദേഹത്തിന്റെ ഗാനം പതിവായിരുന്നു. പൂന്താനം ദിനാഘോഷത്തിൽ രണ്ട് ഗാനങ്ങൾ ആലപിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ഉമ്മർ എത്തിയത്. എന്നാൽ ഭക്തകവി പൂന്താനത്തിന്റെ ഒാർമ്മകൾ തളം കെട്ടിനിന്ന അന്തരീക്ഷത്തിൽ ഒന്നാമത്തെ ഗാനമാലപിക്കുന്നതിനിടെ അദ്ദേഹം വിടവാങ്ങിയത് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. പൂന്താനത്ത് റേഷൻകട നടത്തുകയായിരുന്നു ഉമ്മർ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് പൂന്താനം ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കം നടത്തി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *