ആധാറിൽ കുരുങ്ങി 2.5 ലക്ഷം തൊഴിലുറപ്പുകാർ

Share to

Perinthalmanna Radio
Date: 02-03-2023

മലപ്പുറം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ആധാർ അധിഷ്ഠിതമായതോടെ ജില്ലയിലെ 2.5 ലക്ഷത്തിലധികം പേർക്ക് ഈ പദ്ധതിയിൽ തൊഴിലെടുക്കാൻ കഴിയാതായി.

കേന്ദ്രസർക്കാരിന്റെ പുതിയ നയപ്രകാരം തൊഴിൽ കാർഡും ബാങ്ക് അക്കൗണ്ടും ആധാർകാർഡുമായി ബന്ധിപ്പിച്ചാലേ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കാനാകൂ. ജില്ലയിൽ ആകെ രജിസ്റ്റർചെയ്ത 6,08,279 പേരിൽ 3,49,748 പേർക്കേ ഇതുവരെ ലിങ്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ; ഏകദേശം 42.5 ശതമാനം പേർക്കു മാത്രം. സാങ്കേതിക കാരണങ്ങളാൽ പലർക്കും ഇതിന് കഴിയുന്നില്ല.

ജനുവരി 30-ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഫെബ്രുവരി ഒന്നുമുതൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (എ.ഇ.പി.എസ്.) വഴിയാക്കിയത്. ഇതനുസരിച്ച് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ നമ്പരാണ് പണം നിക്ഷേപിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ മാത്രമേ തൊഴിലാളികൾക്ക് കൂലി കിട്ടൂ.

കേന്ദ്രസർക്കാരിന്റെ 2022-23 വർഷത്തെ ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 33 ശതമാനം വെട്ടിക്കുറച്ചിരുന്നു. സ്വാഭാവികമായും അടുത്തവർഷം തൊഴിൽദിനങ്ങളിൽ കുറവു വരുത്തേണ്ടിവരും. 2020-21, 2021-22 വർഷങ്ങളിൽ ജില്ലയ്ക്ക് 62 ലക്ഷത്തോളം തൊഴിൽദിനങ്ങൾ അനുവദിച്ചിരുന്നു. നടപ്പുവർഷം അത് 59.06 ലക്ഷമായി കുറഞ്ഞു. മുൻവർഷങ്ങളിൽ ജില്ലയിൽ മുപ്പതിനായിരത്തിലേറെ കുടുംബങ്ങൾ നൂറു തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയിരുന്നു. നടപ്പുവർഷം ഒരുമാസം മാത്രം ശേഷിക്കെ പതിനേഴായിരത്തോളം കുടുംബങ്ങൾക്കേ ഇതു കഴിഞ്ഞുള്ളൂ. സംസ്ഥാനത്ത് നൂറുദിനങ്ങൾ തികച്ച കുടുംബങ്ങളുടെ എണ്ണം കൂടുതൽ ഇവിടെയാണ്.

വരുംവർഷത്തെ ബജറ്റിൽ വിഹിതം 33 ശതമാനം കുറച്ചതിനാൽ ജില്ലയിലെ മൊത്തം തൊഴിൽദിനങ്ങൾ 40 ലക്ഷമായി ചുരുങ്ങും. കൂലി ഇനത്തിൽ ജില്ലയ്ക്ക് 52 കോടി രൂപയുടെ കുറവുണ്ടാകും.

തൊഴിലാളികൾക്ക് കൂലി നൽകുന്നതിനും കാലതാമസം നേരിടുന്നുണ്ട്. കൂലി നൽകുന്നത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കൂട്ടുത്തരവാദിത്വമാണ്. ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ വിശദാംശങ്ങളടങ്ങിയ പണം കൈമാറ്റ ഉത്തരവുണ്ടാക്കേണ്ടത് സംസ്ഥാനങ്ങളാണ്.

ഈ ഉത്തരവ് ഡിജിറ്റലാക്കി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നത് കേന്ദ്രമാണ്. ഇത്തരം നൂലാമാലകൾ പണം കൈമാറ്റത്തിന് കാലതാമസം വരുത്തുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *