വെയിൽ ചുട്ടു പൊള്ളാൻ തുടങ്ങിയതോടെ ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും വില കൂടി

Share to

Perinthalmanna Radio
Date: 15-03-2023

മലപ്പുറം ∙ വേനൽ കടുത്ത്  വെയിൽ ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ ചെറുനാരങ്ങയ്ക്ക് തീവില. വേനലിൽ ഏറെ ആവശ്യക്കാരുള്ള തണ്ണിമത്തനും വില വർധിച്ചിട്ടുണ്ട്. ചെറുനാരങ്ങയും തണ്ണിമത്തനും വേണ്ടത്ര ലഭ്യമാണെങ്കിലും ആവശ്യക്കാർ  വർധിച്ചതാണ് വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. റമസാൻ മാസത്തിൽ ആവശ്യക്കാർ ഇനിയും കൂടുമെന്നതിനാൽ വില വൻതോതിൽ വർധിക്കുമോയെന്ന ആശങ്കയുണ്ട്. കഴിഞ്ഞ വർഷം റമസാനിൽ ചെറുനാരങ്ങ കിലോഗ്രാമിന് 200 രൂപ വരെയെത്തിയിരുന്നു. 

ചില്ലറ വിപണിയിൽ ചെറുനാരങ്ങ കിലോയ്ക്ക് 140–150 രൂപ വരെയാണു ജില്ലയിലെ വില. മൊത്തവിപണിയിൽ ഇത് 120–125 രൂപയാണ്. 4 മാസം മുൻപ് ചില്ലറ വിപണിയിൽ 60 രൂപ ആയിരുന്നു വില. പിന്നീട് വർധിക്കാൻ തുടങ്ങിയ വില താഴ്ന്നിട്ടില്ല. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്കു ചെറുനാരങ്ങ വരുന്നത്. ഇന്ധന വില വർധനയും വിലകൂടാൻ കാരണമായിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. 

വേനൽ സീസണിലെ താരമായ തണ്ണിമത്തന് ചില്ലറ വിപണിയിൽ 24–25 രൂപ നൽകണം. കഴിഞ്ഞ വർഷത്തെക്കാൾ 5 രൂപവരെ കൂടുതലാണിത്. റമസാൻ കാലത്ത് തണ്ണിമത്തന്  ജില്ലയിൽ ആവശ്യക്കാർ കൂടും. സാധനം ആവശ്യത്തിന് ലഭ്യമായതിനാൽ വലിയ തോതിൽ വില വർധിക്കില്ലെന്നാണു വ്യാപാരികളുടെ പ്രതീക്ഷ. വില കൂടിയാൽ കച്ചവടം കുറയും. കർണാടകയിലെ ഗുണ്ടൽപേട്ട്, തമിഴ്നാട്ടിലെ തിണ്ടിവനം എന്നിവിടങ്ങളിൽനിന്നാണു ജില്ലയിലേക്ക് പ്രധാനമായും തണ്ണിമത്തനെത്തുന്നത്. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *