പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ സംഘടിപ്പിച്ച ലേല നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത് കടമുറികൾ ലേലം കൊണ്ട ഉടമകൾക്കു നഗരസഭ വാഗ്ദാനം ചെയ്ത മുറികൾ കൈമാറാനുള്ള നടപടികൾ വേഗമാക്കണമെന്ന് ലേല ഉടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി നഗരസഭയോട് ആവശ്യപ്പെട്ടു. 2019 ൽ നിലവിലുണ്ടായിരുന്ന മാർക്കറ്റ് പൊളിച്ചു മൂന്നു ഏക്കർ സ്ഥലത്ത് 40 കോടി രൂപ ചെലവിൽ ആധുനിക ഇൻഡോർ മാർക്കറ്റ് എന്ന വാഗ്ദാനവുമായാണ് നഗരസഭ ലേല നിക്ഷേപ സംഗമം നടത്തിയത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. ലേല നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനകം മുറികൾ കൈമാറുമെന്നും ലേല തുകയുടെ 50 ശതമാനം തുക മുൻകൂർ കെട്ടിവയ്ക്കണം എന്നുമായിരുന്നു നിബന്ധന. ഇതു പ്രകാരം 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മുൻകൂർ തുക അടവാക്കി നഗരസഭയുമായി കരാറിൽ ഏർപ്പെട്ടവരാണിപ്പോൾ വൻ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
2019 ൽ അധികാരികളെ വിശ്വസിച്ച് പണ അടച്ചവർക്ക് മൂന്നു വർഷമായിട്ടും കെട്ടിടം പണി തുടങ്ങാൻ പോലും ആയില്ലെന്നതു തി രിച്ചടി ആയിരിക്കുകയാണെന്നു കോ-ഓർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. ബാങ്ക് വായ്പകൾ എടുത്തും സമ്പാദ്യം മുഴുവൻ ചെലവഴിച്ചും പ്രവാസികൾ ഉൾപ്പെടെയുള്ള 200 ൽ പരം ലേല ഉടമകളാണ് മുറികൾക്കായി കാത്തിരിക്കുന്നത്.