പദ്ധതിവിഹിതം വെട്ടിക്കുറച്ചു; വാർഷികപദ്ധതി പരിഷ്‌കരിച്ച് നഗരസഭ

Share to

Perinthalmanna Radio
Date: 08-11-2022*

പെരിന്തൽമണ്ണ: നഗരസഭയുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെ തുടർന്ന് വാർഷികപദ്ധതി പരിഷ്‌കരിച്ച് ഡി.പി.സി. അംഗീകാരത്തിനു നൽകും. നഗരസഭയുടെ പൊതുവിഭാഗം വികസന ഫണ്ടിൽ 38,95,000 രൂപയാണ് കുറവുവന്നത്. അതേസമയം എസ്.സി.പി. വിഹിതത്തിൽ 23,31,000 രൂപ കൂടുതൽ അനുവദിച്ചിട്ടുണ്ട്. പദ്ധതി പരിഷ്‌കരിച്ച് ഡി.പി.സി. അംഗീകാരത്തിന് ശുപാർശചെയ്യുന്ന വിഷയം ചർച്ചചെയ്യുന്നതിനായി തിങ്കളാഴ്‌ച അടിയന്തര കൗൺസിൽ യോഗം ചേർന്നു. അജൻഡ അവതരിപ്പിച്ചയുടൻ ഇത്തരത്തിൽ പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്നതിൽ പ്രതിഷേധിച്ച് കൗൺസിൽ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷാംഗം പച്ചീരി ഫാറൂഖ് ആവശ്യപ്പെട്ടു.

പദ്ധതി രൂപവത്‌കരിച്ചശേഷം സംസ്ഥാന സർക്കാർ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിന്റെ ഭാഗമായി നഗരസഭയുടെ പദ്ധതിയിൽ രണ്ടുകോടി രൂപ കുറച്ചതായും പദ്ധതിക്ക് തുടക്കംകുറിക്കുന്ന ഘട്ടത്തിൽ വീണ്ടും കുറയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാരിന്റെ നിഷേധ നിലപാടുമൂലമാണ് വിഹിതം കുറയ്ക്കേണ്ടിവരുന്നതെന്നും സംസ്ഥാന സർക്കാരല്ല കാരണമെന്നും ചെയർമാൻ പി. ഷാജി പറഞ്ഞു.വിഹിതം കുറച്ചതിലൂടെ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്കുള്ള വിഹിതം കുറയ്‌ക്കേണ്ടി വരില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടെ നഗരസഭയ്ക്കുള്ള പദ്ധതിവിഹിതം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാർ എസ്.സി. വിഹിതമായി അനുവദിച്ച 23 ലക്ഷം രൂപകൊണ്ട് നഗരസഭയിലെ മുഴുവൻ എസ്.സി. വീടുകളിലും മാലിന്യ സംസ്‌കരണത്തിനായി ബയോബിൻ വിതരണംചെയ്യാൻ കൗൺസിൽ തീരുമാനിച്ചു. ജനറൽവിഭാഗത്തിന് നേരത്തേ ആയിരം ബയോബിൻ വിതരണംചെയ്യാൻ പദ്ധതി ആസൂത്രണംചെയ്തിരുന്നു. മുൻപ് 20 ലക്ഷം രൂപ അനുവദിച്ച് റീടാറിങ്ങ് നടത്താൻ തീരുമാനിച്ചിരുന്ന മൂസക്കുട്ടി ബസ്‌സ്റ്റാൻഡ് റോഡ് കോൺക്രീറ്റുചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചതായി ചെയർമാൻ അറിയിച്ചു.

അയിഷ ജങ്ഷൻ മുതൽ ജൂബിലി റോഡ് ജങ്ഷൻ വരെയുള്ള ഭാഗമാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഫുട്‌ബോൾ ലോകകപ്പിനെ വരവേൽക്കാൻ ക്ലബ്ബുകളുടെ കൂട്ടായ്‌മയായ യുവമിത്രയെ അണിനിരത്തി 16-ന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക.

Share to

Leave a Reply

Your email address will not be published. Required fields are marked *