
Perinthalmanna Radio
Date: 30-03-2023
പെരിന്തൽമണ്ണ: നഗരസഭാ പ്രദേശത്തെ വിവിധയിടങ്ങളിൽ പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി മാലിന്യം വലിച്ചെറിയുന്നതിനെതിരേ കർശന നിരീക്ഷണം ഏർപ്പെടുത്തും. ജില്ലയ്ക്ക് പുറത്തു നിന്നടക്കമുള്ള വാഹനങ്ങൾ നഗരസഭയിലെ റോഡുകളിലൂടെ കടന്നു പോകുമ്പോഴാണ് മാലിന്യം വലിച്ചെറിയുന്നതെന്നും ഇത്തരം നടപടികൾ തടയുന്നതിന് നഗരസഭാംഗങ്ങളുടെ കൂടി ശ്രദ്ധ വേണമെന്നും ശുചിത്വ കോ-ഓർഡിനേറ്ററും ക്ലീൻ സിറ്റി മാനേജരുമായ സി.കെ. അബ്ദുൾ നാസർ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു.
ഈ മാസം 31-നകം നഗരസഭയിലെ നൂറ് ശതമാനം വീടുകളും ഹരിതകർമസേനയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കും. പുതിയ കൗൺസിലിലെ അംഗങ്ങൾക്ക് നാളിതുവരെയായിട്ടും മുനിസിപ്പൽ ആക്ട്, റൂൾസ് എന്നിവയുടെ മലയാളം പകർപ്പ് ലഭ്യമാക്കാത്തത് വീഴ്ചയാണെന്ന് ഇതുമായി ബന്ധപ്പെട്ട അജൻഡ പരിഗണിക്കവേ അംഗം എം.എം. സക്കീർ ഹുസൈൻ പറഞ്ഞു. 2022 മേയ് 25-ന് എറണാകുളത്തെ സ്ഥാപനത്തിന് വിതരണ ഉത്തരവ് നൽകിയെങ്കിലും എത്തിച്ചില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കി തിരുവനന്തപുരത്തെ സ്ഥാപനത്തിന് നൽകി പകർപ്പ് ലഭ്യമാക്കാൻ നടപടിയെടുത്തതായി ചെയർമാൻ പി. ഷാജി അറിയിച്ചു. നജീബ് കാന്തപുരം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലെ നാലിടങ്ങളിൽ എൽ.ഇ.ഡി. മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും.
രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതടക്കമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരേ നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി. നഗരസഭാധ്യക്ഷൻ പി. ഷാജി അവതരിപ്പിച്ച പ്രമേയത്തിന് പ്രതിപക്ഷാംഗം എം.എം. സക്കീർ ഹുസൈൻ അനുവാദകനായി. നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ കൗൺസിൽ യോഗം അനുശോചിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
