
Perinthalmanna Radio
Date: 05-06-2023
പെരിന്തൽമണ്ണ : ചെങ്കൽപ്പാറകൾ നിറഞ്ഞ് തരിശായിക്കിടന്ന താഴപ്പറ്റക്കുന്ന് ഇപ്പോൾ പച്ചപ്പുതപ്പിട്ട് മനോഹരമായിരിക്കുന്നു. നിരവധി ജീവജാലങ്ങൾക്ക് ഫലവൃക്ഷങ്ങളാലും പൂക്കളാലും ആവാസമൊരുങ്ങുമ്പോൾ പരിസ്ഥിതിസംരക്ഷണത്തിന്റെ പുതുമാതൃകയാവുകയാണ് എരവിമംഗലത്തെ പച്ചത്തുരുത്ത്. പെരിന്തൽമണ്ണ നഗരസഭയുടെ അഞ്ചേക്കർ സ്ഥലത്തുള്ള ഈ കേന്ദ്രം ജില്ലയിലെ ഏറ്റവും വലിയ ‘പച്ചത്തുരുത്താ’ണ്.
മൂന്നു വർഷം മുൻപത്തെ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടതാണ് പദ്ധതി. ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തോടെ തുടങ്ങി വിജയപാതയിലെത്തിയ പച്ചത്തുരുത്ത് ബയോപാർക്ക് ആയി വികസിപ്പിക്കാനുള്ള ആലോചനയിലാണിപ്പോൾ നഗരസഭ. വ്യവസായപാർക്ക് നിർമിക്കുന്നതിന് നഗരസഭ ഇവിടെ ആറേക്കർ ഭൂമിയാണ് വാങ്ങിയത്. നഗരസഭയുടെ പി.എൻ. സ്മാരക മൈതാനത്തിനു നൽകിയ ഒരേക്കർ നൽകിയതിൽ ബാക്കിയുള്ള സ്ഥലത്താണ് 2020-ൽ പച്ചത്തുരുത്ത് നിർമിച്ചത്. സുരക്ഷാവേലിയുണ്ടാക്കി ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമാണ് നട്ടുവളർത്തിയിരിക്കുന്നത്. ഇവ വലുതായതോടെയാണ് ചെറുചെടികളും പൂച്ചെടികളും നട്ടത്.
350 ഫലവൃക്ഷത്തൈകളാണ് ആദ്യഘട്ടത്തിൽ നട്ടത്. പിന്നീട് കൃഷിവകുപ്പിന്റെ സഹായത്തോടെ 1500 തൈകളും നട്ടു. പച്ചത്തുരുത്തിന്റെ സംരക്ഷണത്തിന് ഒരു ജീവനക്കാരനെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. വർഷത്തിൽ നിശ്ചിത തൊഴിൽദിനങ്ങൾ നൽകി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് കൂടുതൽ പണികൾ ചെയ്യിക്കുന്നത്. ഒരു തൊഴിലുറപ്പ് തൊഴിലാളി 11 മരങ്ങൾ വെച്ച് പരിപാലിക്കുന്നു.
തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പച്ചത്തുരുത്ത് പരിപാലിക്കാൻ പ്രാദേശികമായി ക്ലബ്ബുകളുടെയും എരവിമംഗലം പൊതുജന വായനശാല പ്രവർത്തകരുടെയും കമ്മിറ്റിയുണ്ട്. ഫലവൃക്ഷങ്ങൾ പൂർണവളർച്ചയെത്തിയാൽ ഉദ്യാനങ്ങളടക്കം നിർമിച്ച് പൊതുജനത്തിന്റെ മാനസികോല്ലാസത്തിന് ഉപകാരപ്പെടുംവിധം ബയോപാർക്ക് ആയി മാറ്റാനുള്ള പദ്ധതികൾ ആലോചനയിലുണ്ടെന്ന് നഗരസഭാധ്യക്ഷൻ പി. ഷാജി പറഞ്ഞു. പൊതു -സ്വകാര്യ പങ്കാളിത്തത്തോടെയാകും ഇത് നടപ്പാക്കുക. ഹരിതകേരളം മിഷൻ, കൃഷിവകുപ്പ്, തദ്ദേശവകുപ്പ് തുടങ്ങിയവയുടെ പിന്തുണയോടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലാണ് പച്ചത്തുരുത്ത് ഒരുക്കിയെടുത്തത്. താഴപ്പറ്റക്കുന്നിൽനിന്ന് കുറച്ചുമാറി മുത്തനാപറമ്പിലും കുറഞ്ഞ സ്ഥലത്ത് നഗരസഭയ്ക്ക് പച്ചത്തുരുത്തുണ്ട്. കളത്തിലക്കരയിൽ നഗരസഭാ ഖരമാലിന്യ പ്ലാന്റിന്റെ ഭൂമിയിലും മൂന്നേക്കറോളം ഭാഗം പച്ചത്തുരുത്തായി മാറ്റിയിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
