വിവരാവകാശ നിയമപ്രകാരം വിവരം നൽകിയില്ല; നഗരസഭാ ഉദ്യോഗസ്ഥന് 18,000 രൂപ പിഴ

Share to

Perinthalmanna Radio
Date: 22-06-2023

പെരിന്തൽമണ്ണ : വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാത്തതിന് നഗരസഭാ ഉദ്യോഗസ്ഥനിൽനിന്ന് 18,000 രൂപ പിഴ ഈടാക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. 2008-ൽ പെരിന്തൽമണ്ണ നഗരസഭയിലെ സൂപ്രണ്ടും അന്നത്തെ പൊതു വിവരാവകാശ ഓഫീസറുമായിരുന്ന കെ.വി. വേലായുധനിൽനിന്ന് തുക ഈടാക്കാനാണ് ഉത്തരവിട്ടത്.

തിരൂർക്കാട് സ്വദേശി അനിൽ ചന്ദ്രത്തിൽ 2008-ൽ നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാത്തതുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ നിർമിച്ച ബസ്‌സ്റ്റാൻഡ് കെട്ടിടത്തിനു നൽകിയ പെർമിറ്റ്, അപേക്ഷ, പ്ലാൻ എന്നിവയും ഇവ സംബന്ധിച്ച് എൻജിനീയർ നടത്തിയ അന്വേഷണറിപ്പോർട്ടിന്റെ പകർപ്പുമാണ് അനിൽ ആവശ്യപ്പെട്ടത്.

യഥാസമയം നൽകാത്തതിനാൽ 2010 ഫെബ്രുവരി 15-ന് വിവരാവകാശ കമ്മിഷൻ ഈ ഉദ്യോഗസ്ഥന് പിഴ ചുമത്തിയിരുന്നു. ഇതിനെതിരേ നഗരസഭ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ഉചിതമായ തീരുമാനമെടുക്കാൻ നിർദേശിച്ച് കോടതി വീണ്ടും കമ്മിഷന് കൈമാറി. തുടർന്നാണ് വീണ്ടും പിഴയിട്ടത്.

പിഴത്തുക നിശ്ചിത അക്കൗണ്ടിൽ അടച്ച് വിവരം കമ്മിഷനെ രേഖാമൂലം അറിയിക്കണം. അല്ലാത്തപക്ഷം ജപ്തിയിലൂടെ ഈടാക്കും. വിവരങ്ങൾ ആവശ്യപ്പെട്ടുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ഫയൽ അന്വേഷണ നടപടിയുടെ ഭാഗമായി ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ ആയിരുന്നുവെന്നും ഫയൽ തിരികെ ലഭിച്ചശേഷം 2008 ഏപ്രിൽ 30-ന് വിവരം നൽകിയെന്നുമാണ് സെക്രട്ടറി വിശദീകരണം നൽകിയത്. എന്നാൽ വിവരാവകാശനിയമം വകുപ്പ് ആറ്‌ (മൂന്ന്) ലംഘനമാണെന്നും ഉദ്യോഗസ്ഥന് ഗുരുതരവീഴ്‌ച സംഭവിച്ചതായും കമ്മിഷൻ വിലയിരുത്തി. 2023 ഫെബ്രുവരി പത്തിന് നടത്തിയ ഹിയറിങ്ങിൽ ഉദ്യോഗസ്ഥൻ പങ്കെടുത്തുമില്ല. കമ്മിഷന്റെ ഉത്തരവ് മാർച്ചിൽ പുറത്തിറങ്ങിയെങ്കിലും തപാലിൽ അപേക്ഷകനു ലഭിച്ചത് രണ്ടുദിവസം മുൻപാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *