Perinthalmanna Radio
Date: 25-07-2023
പെരിന്തൽമണ്ണ : നഗരസഭയിലെ പി.എം.വൈ. നഗര ലൈഫ് പദ്ധതിയിൽ വീട് വേണ്ടെന്നറിയിച്ച് പിൻവാങ്ങിയവരുടെ ഒഴിവിലേക്ക് 16 കുടുംബങ്ങളെക്കൂടി പരിഗണിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
അതിദരിദ്രരും അപ്പീലിലൂടെ അപേക്ഷ നൽകി പട്ടികയിൽ വന്നവരുമായ കുടുംബങ്ങളെയാണ് പരിഗണിക്കുന്നത്. 20 കുടുംബങ്ങളാണ് പദ്ധതിയിൽനിന്ന് പിൻവാങ്ങിയിരുന്നത്. വിശദ പദ്ധതിരേഖ (ഡി.പി.ആർ.) മാറ്റിനൽകാൻ കുടുംബശ്രീ ഡയറക്ടറുടെ നിർദേശമുണ്ട്. വാർഡ് സഭകളിൽ ചർച്ച നടത്തിയ ശേഷമാണ് 16 കുടുംബങ്ങളെ പരിഗണിക്കുന്നത്
നഗരസഭയിലെ രണ്ടാംഘട്ട ലൈഫ് പദ്ധതിയിൽ 165 കുടുംബങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഇതിലെ 20 കുടുംബങ്ങളാണ് വിവിധ കാരണങ്ങൾ ബോധിപ്പിച്ച് വീട് വേണ്ടെന്ന് നഗരസഭയെ അറിയിച്ചത്. വീട് അനുവദിക്കുന്നതിനു മുൻപ് ഭൂമി സ്വന്തമാക്കാമെന്നു കരുതിയവർക്ക് ഉദ്ദേശിച്ച പ്രദേശത്ത് ഭൂമി കിട്ടാത്തത് വീട് വേണ്ടെന്നുവെക്കാൻ കാരണമായിട്ടുണ്ട്. ദമ്പതിമാർ പിരിഞ്ഞതും സർക്കാർ നൽകുന്ന നാലുലക്ഷം രൂപകൊണ്ട് വീട് പൂർത്തിയാക്കാൻ കഴിയാത്തതുമാണ് ഇത്തരത്തിൽ പിൻവാങ്ങുന്നതിന് ചിലർ നൽകിയ കാരണങ്ങൾ.
കുടുംബത്തിൽനിന്ന് അവകാശമായി ഭൂമി കിട്ടാത്തതും ചിലർക്ക് പ്രതിസന്ധിയായി. ദേശീയ വാർധക്യകാല പെൻഷന് അപേക്ഷിച്ച 38 പേരിൽ അർഹരായ 33 പേർക്ക് പെൻഷൻ അനുവദിക്കുന്നതിനും തീരുമാനിച്ചു.
മാനസികവെല്ലുവിളി നേരിടുന്നവർക്കുള്ള സഹായത്തിന് നാലുപേരെയും സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ സഹായധനത്തിത്തിന് രണ്ടുപേരെയും ഇന്ദിരാഗാന്ധി ദേശീയ വിധവാപെൻഷന് ഏഴുപേരെയും പരിഗണിക്കുന്നതിനും തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ