പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിന് മുൻകൂർ ലേലത്തിൽ പിരിച്ച മുഴുവൻ തുകയും പദ്ധതിക്ക് ചെലവിട്ടില്ല

Share to

Perinthalmanna Radio
Date: 24-12-2022

പെരിന്തൽമണ്ണ: നഗരസഭക്ക് കീഴിൽ നിർമിക്കുന്ന ആധുനിക ഇൻഡോർ വ്യാപാര സമുച്ചയത്തിന് മുൻകൂർ ലേലത്തിൽ പിരിച്ച മുഴുവൻ തുകയും ചെലവിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ 38.5 കോടിയാണ് വ്യാപാര സമുച്ചയത്തിന്റെ അടങ്കൽ തുക. മുൻകൂർ ലേലത്തിൽ പഴയ വ്യാപാരികളിൽ നിന്നടക്കം പിരിച്ചത് 20.47 കോടിയാണെന്നും ഇതിൽ 10.01 കോടി രൂപ മാത്രമേ പദ്ധതിക്ക് ചെലവഴിച്ചിട്ടുള്ളൂവെന്നും നവംബർ 17ന് നഗരസഭ സെക്രട്ടറി നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കുന്നത്.

മുൻകൂർ ലേലത്തിൽ പിരിച്ചെടുത്തതിൽ 10.46 കോടി രൂപ പദ്ധതിക്കായി ചെലവിട്ടിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തുക ബാക്കിയുണ്ടെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും ഒന്നര വർഷത്തോളമായി നിർമാണം നിലച്ചു കിടക്കുകയാണ്. ലേല നിക്ഷേപകരിൽ നിന്ന് മുൻകൂറായി വാങ്ങിയ തുക കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മറ്റു പദ്ധതികൾക്ക് വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നും ഏപ്രിൽ നാലിന് നൽകിയ വിവരാവകാശ അപേക്ഷക്ക് നഗരസഭ മറുപടി നൽകിയതായി നിക്ഷേപകർ ചൂണ്ടിക്കാട്ടി. 38.5 കോടിയുടെ പദ്ധതിയിൽ ഇപ്പോഴും 15.59 കോടിയുടെ അഥവാ 41.29 ശതമാനം പ്രവൃത്തികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്ന് നഗരസഭ ചെയർമാൻ നൽകിയ വാർത്തക്കുറിപ്പിലും വ്യക്തമാക്കുന്നു. ഇതു പ്രകാരം എസ്റ്റിമേറ്റ് പ്രകാരമുള്ള പദ്ധതി പൂർത്തിയാക്കാൻ ഇനിയും 22.91 കോടി രൂപ ചെലവിടണം. മുറികൾ ലേലം ചെയ്തെടുത്തവർ തുക പൂർണമായി അടച്ചിട്ടില്ല. ആകെ 30.11 കോടിക്കാണ് ലേലത്തിൽ പോയത്. ഇതിൽ പുതുതായി റൂമെടുത്തവരിൽ നിന്ന് 12.45 കോടിയും പഴയ വ്യാപാരികളിൽ നിന്ന് 1.48 കോടിയും അടക്കം 13.93 കോടി രൂപയാണ് ലഭിക്കാനുള്ളത്. രണ്ടാം ഘട്ട നിർമാണം പൂർത്തീകരിക്കുന്ന മുറക്കേ മുറികൾ നൽകാനാകൂ. 2019 നവംബർ 20, 21 തീയതികളിൽ നടത്തിയ ലേല സംഗമത്തിൽ 521 പേർ പങ്കെടുത്തതിൽ 90 പേർ മുറികൾ ലേലം വിളിച്ചെടുത്തു. പണം മുടക്കിയവർക്ക് എന്ന് മുറികൾ നൽകാനാകുമെന്ന് പ്രത്യേകം തീയതി അറിയിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം നൽകുന്ന മറ്റൊരു മറുപടി.

ലേല നിക്ഷേപം കഴിഞ്ഞ് ഒരു വർഷം കൊണ്ട് വ്യാപാര സമുച്ചയം പൂർത്തിയാക്കി പണം മുടക്കിയവർക്ക് മുറികൾ കൈമാറും എന്നായിരുന്നു ഉറപ്പ്. ടെൻഡറില്ലാതെ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ കരാർ നൽകിയത്. ഒരു ചതുരശ്ര അടിക്ക് 53,600 രൂപക്ക് വരെയാണ് ഏറ്റവും കൂടുതൽ വിളിച്ചത്. ഏറ്റവും കുറഞ്ഞത് 1850 രൂപയാണ്. ഇൻഡോർ മാർക്കറ്റ് നിർമാണത്തിന് മുടക്കം സംഭവിച്ചാൽ മുൻകൂർ ലേലത്തിലൂടെ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക എത്ര കാലാവധിക്ക് ഉള്ളിലാണ് തിരികെ നൽകുകയെന്ന് അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരുറപ്പും നൽകിയിട്ടില്ലെന്നും നഗരസഭ നിക്ഷേപകരെ അറിയിച്ചു. അതേ സമയം, പദ്ധതി പൂർത്തിയാക്കാൻ നഗരസഭ പുതിയ വായ്പക്ക് ശ്രമിക്കുന്നുണ്ട്. സമയ പരിധി പിന്നിട്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും പണം ലഭ്യമാവുന്ന മുറക്ക് പദ്ധതി പൂർത്തിയാക്കി കൈമാറാനാണ് നഗരസഭയുടെ ശ്രമം.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *