
Perinthalmanna Radio
Date: 19-05-2023
പെരിന്തൽമണ്ണ: മുറികൾ വാടകക്ക് നൽകാൻ മുൻകൂർ ഡെപ്പോസിറ്റ് പിരിച്ച് പെരിന്തൽമണ്ണ നഗരസഭ തുടങ്ങി വെച്ച 38.5 കോടിയുടെ ഇൻഡോർ മാർക്കറ്റ് പദ്ധതിയിൽ പണം നൽകി പ്രതിസന്ധിയിലായവർ മന്ത്രിമാർക്ക് മുമ്പിൽ. താലൂക്ക്തല അദാലത്തിൽ മന്ത്രിമാരായ ആൻ്റണി രാജും വി.അബ്ദു റഹ്മാൻ എന്നിവരോടാണ് നൽകിയ പണമോ കരാർ പ്രകാരമുള്ള മുറിക ഈ ആവശ്യപ്പെട്ടത്. 90ഓളം പേരെ പ്രതിനിധീകരിച്ച് 17 പരാതികളാണ് അദാലത്തിൽ എത്തിയത്. ആദ്യം ലഭിച്ച പരാതിയിൽ മന്ത്രി ആൻ്റണി രാജു പെരിന്തൽമണ്ണ നഗരസഭ സൂപ്രണ്ടിനെ വിളിച്ച് വിശദീകരണം നേടി. കെട്ടിടം നിർമിക്കും മുമ്പ് ലേലം നടത്തി പണം വാങ്ങിയിരുന്നു എന്നും നേരത്തെ അവിടെ നില നിന്നിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ചു നീക്കിയതാണെന്നും പുതിയത് നിർമിക്കാൻ വായ്പക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സൂപ്രണ്ട് വിശദീകരിച്ചു. പുതിയ മാർക്കറ്റ് കെട്ടിടം നിർമിക്കാൻ വായ്പ അനുവദിച്ചു കിട്ടുന്നതിന് മുമ്പ് എന്തിനാണ് വ്യാപാരികൾ ഉപയോഗിച്ചു വന്ന മാർക്കറ്റ് കെട്ടിടം പൊളിച്ചു നീക്കിയതെന്ന് മന്ത്രി ചോദിച്ചു.
ഈ വിഷയവുമായി ഒരു കൂട്ടം നിക്ഷേപകർ ഒരുമിച്ച് മന്ത്രിയെ സമീപിച്ച് നാലു വർഷം മുമ്പ് നൽകിയ പണമോ ഉറപ്പു നൽകിയത് പ്രകാരമുള്ള കെട്ടിടമോ ലഭിക്കാത്ത കാര്യം വിശദീകരിച്ചു. എട്ടു മാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. 38.5 കോടിയുടെ പദ്ധതിക്ക് 20.5 കോടി മുൻകൂർ ലേലത്തിൽ നഗരസഭ പിരിച്ചെടുത്തിട്ടുണ്ട്. ലേല തുകയിൽ ഇനിയും 12.5 കോടി ലഭിക്കണം. നഗരസഭ സൂപ്രണ്ട് പറയുന്ന വായ്പക്ക് നാലു വർഷമായി ശ്രമിച്ച് ഈട് നൽകുന്ന ഭൂമിക്ക് മതിയായ രേഖകളില്ലാതെ പരാജയപ്പെട്ടതാണ്. പുതുതായി കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്ന് 30 കോടി രൂപ തേടിയിട്ടു മണ്ട്. അത് ലഭിച്ചാൽ പാതി വഴിയിൽ കിടക്കുന്ന മാർക്കറ്റ് പൂർത്തിയാക്കും. 2019ൽ നടത്തിയ ലേല നിക്ഷേപത്തിലാണ് 90ഓളം പേർ മുറികൾ വിളിച്ചെടുത്ത് വൻ തുക ഡെപ്പോസിറ്റായി നൽകിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
