Perinthalmanna Radio
Date: 06-06-2023
പെരിന്തൽമണ്ണ : നഗരസഭയുടെ പ്രധാന നിർമാണ പദ്ധതികളിലൊന്നായ ആധുനിക ഇൻഡോർ മാർക്കറ്റിന്റെ രണ്ടാംഘട്ട നിർമാണത്തിനു വഴിതെളിയുന്നു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.യു.ആർ.ഡി.എഫ്.സി.) നിന്ന് 30 കോടി രൂപ വായ്‌പയെടുക്കാനാണു തീരുമാനം.
തിങ്കളാഴ്‌ച അടിയന്തര കൗൺസിൽ യോഗത്തിൽ ഏക അജൻഡ പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെയാണു പാസാക്കിയത്. ഒൻപതു ശതമാനം പലിശ നിരക്കിൽ ലഭിക്കുന്ന വായ്‌പ എട്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. നഗരസഭയുടെ തനതു വരുമാനത്തിൽ നിന്നോ പ്ലാൻഫണ്ടിൽ നിന്നോ തിരിച്ചടവ് നടത്തുന്നതിന് അനുമതിക്കും കരാറിൽ ഏർപ്പെടുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനം ലഭ്യമാക്കുന്നതിനാണ് കൗൺസിൽ യോഗം ചേർന്നത്.
വായ്‌പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം നഗരസഭ സന്ദർശിച്ചിരുന്നു. നിർദിഷ്‌ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മുൻപാകെ സമർപ്പിക്കും. ബോർഡ് തീരുമാനത്തിനു വിധേയമായാണ് തുടർനടപടികളുണ്ടാകുക. നഗരസഭയെ കൂടുതൽ ബാധ്യതകളിലേക്കെത്തിക്കുന്ന വായ്‌പയെടുക്കലിന് കൂട്ടുനിൽക്കാനാവില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ വ്യക്തമാക്കി.
ജീവനക്കാരുടെ ശമ്പളവും പുതിയ വായ്‌പയുടെ തിരിച്ചടവും കൂടിയാകുമ്പോൾ ഒരുകോടിയിലേറെ രൂപ മാസം തോറും കണ്ടെത്തേണ്ടി വരും. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി ഇതു രൂക്ഷമാക്കും. വായ്‌പയെടുക്കുന്നതിനു പകരം സർക്കാരിന്റെ സഹായം തേടണമെന്നും പ്രതിപക്ഷാംഗങ്ങളായ പച്ചീരി ഫാറൂഖ്, എം.എം. സക്കീർ ഹുസൈൻ, പത്തത്ത് ജാഫർ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. എന്നാൽ ആശങ്കയിൽ കാര്യമില്ലെന്നും മാർക്കറ്റ് പണി പൂർത്തിയായാൽ ലഭിക്കുന്ന നിക്ഷേപ, വാടക തുകകൊണ്ട് വായ്‌പയുടെ തിരിച്ചടവ് സാധ്യമാകുമെന്നും ചെയർമാൻ പി. ഷാജി പറഞ്ഞു. മുറികൾക്ക് നിക്ഷേപം സ്വീകരിച്ചതിലൂടെ ഇനിയും 13 കോടി രൂപയോളം തിരികെ ലഭിക്കാനുണ്ടെന്നും നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ സ്ഥലങ്ങൾ ലേലം ചെയ്യാനുണ്ടെന്നും അംഗം കെ. ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു.
നിലവിലുണ്ടായിരുന്ന നഗരസഭാ മാർക്കറ്റ് പൊളിച്ചുനീക്കിയാണ് പുതിയത് പണിതത്. അവിടെയുണ്ടായിരുന്ന വ്യാപാരികളെ പുനരധിവസിപ്പിച്ചും കൂടുതൽപേരിൽനിന്ന് നിക്ഷേപം സ്വീകരിച്ചുമാണ് ഇൻഡോർ മാർക്കറ്റിന്റെ പണി തുടങ്ങിയത്. ഒന്നാം ഘട്ടം പൂർത്തിയായെങ്കിലും വിഭാവനം ചെയ്ത രീതിയിലാകുന്നതിന് ബാക്കിയുള്ള നിരവധി പ്രവൃത്തികൾ നിലച്ചിരിക്കുകയാണ്.
മാർക്കറ്റ് നിൽക്കുന്ന സ്ഥലം ഈടുനൽകി പല ബാങ്കുകളെയും വായ്‌പയ്ക്കായി സമീപിച്ചെങ്കിലും സ്ഥലം നഗരസഭയുടെ പേരിലല്ലാത്തതിനാൽ വായ്‌പ ലഭിച്ചിരുന്നില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ