
Perinthalmanna Radio
Date: 28-02-2023
പെരിന്തൽമണ്ണ: നഗരത്തിലെ വിവിധ കടകളിൽ മോഷണം തുടർക്കഥയാകുമ്പോഴും മോഷ്ടാവിനെ പിടികൂടാനാകാതെ പോലീസ്.
മുഖം മറയ്ക്കുന്ന തൊപ്പി ധരിച്ചെത്തുന്ന മോഷ്ടാവാണ് രണ്ടരമാസത്തിനിടെ മൂന്നു സംഭവങ്ങളിലായി എട്ട് കടകളിൽ മോഷണം നടത്തിയത്. പെരിന്തൽമണ്ണ-മാനത്തുമംഗലം ബൈപ്പാസ് റോഡിലെ ലേഡീസ് ബ്യൂട്ടിക്കിലും സമീപത്തെ ഹോട്ടലിലും ഞായറാഴ്‌ച പുലർച്ചെ നടത്തിയതാണ് ഒടുവിലത്തെ മോഷണം. മുൻ മോഷണങ്ങളിൽ കടകളിൽ സൂക്ഷിച്ചിരുന്ന പണമാണ് പ്രധാനമായും നഷ്ടപ്പെട്ടിരുന്നത്.
എന്നാൽ ഞായറാഴ്ച ലേഡീസ് ബ്യൂട്ടിക്കിൽനിന്ന് വിലയേറിയ അഞ്ചു ചുരിദാർ ബിറ്റുകളാണ് കൊണ്ടുപോയത്.
കടയിൽ പണം സൂക്ഷിച്ചിരുന്നില്ലെന്ന് ഉടമ കക്കൂത്ത് സ്വദേശി സിൻസാർ പറഞ്ഞു. പുലർച്ചെ 3.15-നാണ് ബൈപ്പാസ് റോഡിലെ ബ്രദേഴ്‌സ് ഹോട്ടലിൽ മോഷ്ടാവ് കയറിയത്. രാത്രി പന്ത്രണ്ടിനാണ് ഹോട്ടൽ അടച്ചത്.
ഷട്ടറില്ലാത്ത ഹോട്ടലിന്റെ മുൻഭാഗത്തെ ചില്ലുവാതിലിന്റെ പൂട്ട് തകർത്താണ് അകത്തുകടന്നത്. ശ്രമത്തിനിടെ വാതിലിന്റെ ഭാഗവും തകർന്നു. കാഷ് കൗണ്ടറിൽ പണം തിരഞ്ഞെങ്കിലും ഒന്നും ലഭിച്ചില്ല. ഇതിന്റെ തുടർച്ചയായി മൂന്നേമുക്കാലോടെയാണ് ലേഡീസ് ബ്യൂട്ടിക്കിൽ കയറിയത്.
ഷട്ടറിന്റെ പൂട്ടിടാത്ത ഭാഗം കല്ലുവെച്ച് ഉയർത്തിയുണ്ടാക്കിയ വിടവിലൂടെ നൂഴ്‌ന്ന് അകത്ത് കയറിയിരിക്കുകയാണ്.
പണം തിരഞ്ഞെങ്കിലും കിട്ടാതെ വന്നതോടെയാണ് വിലകൂടിയ ചുരിദാറുകൾ ഇരിക്കുന്ന ഭാഗത്തെത്തിയത്. കൈയിലെ ടോർച്ചുതെളിച്ച് വിലയും ഭംഗിയും നോക്കി എടുക്കുന്നതായാണ് സി.സി.ടി.വി. ദൃശ്യങ്ങളിലുള്ളത്.
ഉടമയുടെ പരാതിയിൽ പോലീസും വിരലടയാളവിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.
*പിടികൊടുക്കാതെ മോഷ്‌ടാവ്*
കഴിഞ്ഞ ഡിസംബർ 15-നാണ് ജില്ലാ ആശുപത്രിക്കു സമീപം ഹൗസിങ് കോളനി റോഡിലെ ചെടികൾ വിൽക്കുന്ന കടയിലും തൊട്ടടുത്ത കൂൾബാറിലും മോഷണം നടന്നത്. മുഖം മറച്ചെത്തിയ മോഷ്ടാവ് ഷട്ടർ ഉയർത്തി ചില്ലുവാതിൽ തകർത്താണ് അകത്തുകടന്നത്.
5500 രൂപയോളം നഷ്ടപ്പെട്ടിരുന്നു. നാലുമാസം മുൻപ് ഇതിനുസമീപത്തെ സർജിക്കൽ സാധനങ്ങൾ വിൽക്കുന്ന കടയിലും മോഷണം നടന്നിരുന്നു.
ഈ മാസം 12-നാണ് കോഴിക്കോട് റോഡിലെ നാലു കടകളിൽ മോഷണം നടന്നത്. സ്‌പോർട്‌സ് സാമഗ്രികൾ വിൽക്കുന്ന കടയിലും ബേക്കറിയിലുമടക്കമായിരുന്നു മോഷണം. 2500 രൂപയോളം നഷ്ടപ്പെട്ടിരുന്നു. മിക്കയിടത്തും കടയിൽ സൂക്ഷിക്കുന്ന പണമാണ് മോഷ്ടാവ് ലക്ഷ്യമിടുന്നത്. മുഖം മറച്ചും കൈയുറ ധരിച്ചും എത്തുന്നതിനാൽ സൂചനകളൊന്നും ലഭിക്കാറില്ലെന്നത് പോലീസിനെയും കുഴക്കുന്നു.
ഏകദേശം എല്ലായിടത്തും ഒരേ രീതിതന്നെയാണ് മോഷണത്തിന് അവലംബിക്കുന്നത്. ഒരേ ആൾതന്നെയാണ് മോഷണങ്ങൾക്കു പിന്നിലെന്നാണ് പോലീസും സംശയിക്കുന്നത്. തുടർച്ചയായി നടക്കുന്ന മോഷണങ്ങൾ വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഞായറാഴ്‌ച പുലർച്ചെ നഗരസഭാപരിധിയിലെ ബാലവാടിപ്പടിയിൽ റോഡരികിലെ കടയിൽനിന്ന് കരിമ്പ് ജ്യൂസ് യന്ത്രവും മോഷണം പോയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
