
Perinthalmanna Radio
Date: 03-01-2023
പെരിന്തൽമണ്ണ: മാട്ടറ കരിങ്കാളിക്കാവിൽ പുതുവത്സരാഘോഷത്തിനിടെ പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരക്കുപറമ്പ് കരിങ്കാളിക്കാവ് തൊണ്ടിയിൽ നിഷാന്തിനെ(30)യാണ് അറസ്റ്റുചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ തിരച്ചിലിൽ ശ്രീകൃഷ്ണപുരം കോട്ടപ്പുറത്തുനിന്നാണ് പ്രതിയെ ഇൻസ്‌പെക്ടർ സി. അലവിയും സംഘവും പിടികൂടിയത്.
31-ന് രാത്രി ഒരുമണിയോടെ പട്രോളിങ്ങിനിടെയാണ് കരിങ്കാളിക്കാവിനു സമീപം ഡി.ജെ. പാർട്ടി നടത്തുകയായിരുന്ന ഒരുസംഘം ആളുകളോട് പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതോടെ പ്രതിയുൾപ്പെട്ട സംഘം പോലീസ് വാഹനത്തിനു നേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. ഉദയൻ, സീനിയർ സി.പി.ഒ. ഉല്ലാസ് എന്നിവർക്കാണ് പരിക്കേറ്റത്.
മുഖത്ത് പരിക്കേറ്റ ഉല്ലാസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കാലിന് പരിക്കേറ്റ ഉദയനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതിയെ നിലമ്പൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. എസ്.ഐ. എ.എം. യാസിർ, എ.എസ്.ഐ. വിശ്വംഭരൻ, സീനിയർ സി.പി.ഒ. ജയമണി, എം.കെ. മിഥുൻ, പി.എം. അബ്ദുൾസത്താർ, എ.പി. ഷജീർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
