
Perinthalmanna Radio
Date: 28-11-2022
പെരിന്തൽമണ്ണ: വിദേശത്ത് നിന്ന് കടത്തി ക്കൊണ്ടു വന്ന ഒരുകിലോ സ്വർണ മിശ്രിതവുമായി കാറിൽ വന്ന രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി.
കാസർകോട് സ്വദേശി ആയിഷ മൻസിലിൽ വസീമുദ്ദീൻ (32), താമരശ്ശേരി സ്വദേശി കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് സാലി (49) എന്നിവരെയാണ് ശനിയാഴ്‌ച രാത്രി പിടികൂടിയത്. ദേശീയപാതയിൽ താഴേക്കോട് കാപ്പുമുഖത്തുനിന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ സി. അലവി, എസ്.ഐ. എ.എം. യാസിർ എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.
യു.എ.ഇ.യിൽനിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ വസീമുദ്ദീനെ മുഹമ്മദ് സാലി അവിടെപ്പോയി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പിടിയിലായത്. സ്വർണം കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂരിൽ വിമാനമിറങ്ങി മുറിയെടുത്ത് സ്വർണമിശ്രിതം പുറത്തെടുത്തശേഷമാണ് യാത്ര തിരിച്ചത്. കാറിന്റെ സീറ്റിലുണ്ടായിരുന്ന ബാഗിനടിയിൽ പ്ലാസ്റ്റിക് കവറിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. വസീമുദ്ദീൻ മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പിടികൂടിയ സ്വർണ മിശ്രിതം കോടതിയിൽ ഹാജരാക്കും.
എ.എസ്.ഐ. വിശ്വംഭരൻ, സീനിയർ സി.പി.ഒ.മാരായ ജയമണി, കെ.എസ്. ഉല്ലാസ്, സി.പി.ഒ.മാരായ മുഹമ്മദ് ഷജീർ, ഷഫീഖ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
