ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധന ; ഒറ്റ ദിവസം 608 കേസുകൾ രജിസ്റ്റർ ചെയ്തു

Share to

Perinthalmanna Radio
Date: 11-12-2022

മലപ്പുറം: വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ശനിയാഴ്ച ജില്ലയിൽ പോലീസ് പ്രത്യേക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. വിവിധ കേസുകളിലായി 608 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡി.വൈ.എസ്.പി. മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജാമ്യമെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളികളായ 35 -ഓളം പേർ പിടിയിലായി.

വാറണ്ടുള്ള 93 പേരെയും, മറ്റ് വിവിധ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും പിടികൂടി.

കൂടാതെ മദ്യം- മയക്കുമരുന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് 73 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നക്ക നമ്പർ ചൂതാട്ടം പോലുള്ള സമാന്തര ലോട്ടറി നടത്തുന്നവർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ സംഭവത്തിൽ 32 കേസുകളും ഗതാഗത നിയമലംഘനത്തിൽ 212 കേസുകളും പുഴമണൽ കടത്തിയതിന് 10 കേസുകളും രജിസ്റ്റർ ചെയ്തു. 4,515 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി. 10,71,000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *