ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 29-12-2022

പെരിന്തൽമണ്ണ: ബീവറേജസ് കോർപ്പറേഷന്റെ പെരിന്തൽമണ്ണയിലെ ചില്ലറ വിൽപ്പനശാലയിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് ശഹരൻപുർ ചിൽക്കാന ഷഹജാദിനെ(24)യാണ് സംഭവം നടന്ന് നാലുദിവസത്തിനുള്ളിൽ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്.

വിവിധ മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് മാസങ്ങൾക്കുമുൻപ് ജാമ്യംലഭിച്ച് ജയിലിൽനിന്നിറങ്ങിയ ശേഷമാണ് വീണ്ടും മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മങ്കട വെള്ളിലയിൽ ജോലിക്കെന്ന വ്യാജേനയാണ് കഴിഞ്ഞിരുന്നത്. 22-ന് രാത്രി പത്തോടെ ഔട്ട്‌ലെറ്റ് അടച്ച് ജീവനക്കാർ പോയിരുന്നു. പുലർച്ചെ മൂന്നോടെയാണ് ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷ്ടാവ് അകത്തുകടന്നത്. ക്രിസ്‌മസ് കാലമായതിനാൽ 22-ാം തീയതിയിലെ കളക്‌ഷനായ 25 ലക്ഷത്തോളം രൂപ ഔട്ട്‌ലെറ്റിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നു. ലോക്കർ തകർക്കാൻ പ്രതി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാൽ വലിയ തുക നഷ്ടമായില്ല. കാഷ് കൗണ്ടറുകളിലെ വലിപ്പുകളും തുറന്നുനോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. ഒടുവിൽ മദ്യക്കുപ്പികൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുഖം തുണികൊണ്ട് മറച്ചെത്തിയ യുവാവ് ലോക്കറിന്റെ ചിത്രമെടുത്തതായും പോലീസ് പറയുന്നു. 2021-ൽ കോതമംഗലം സ്റ്റേഷൻ പരിധിയിൽ എ.ടി.എം. കുത്തിപ്പൊളിച്ച കേസിലും വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും മൂവാറ്റുപുഴയിലെ സമാന കേസുകളിലും യുവാവ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ. എ.എം. യാസിർ, സി.പി.ഒ.മാരായ കെ.എസ്. ഉല്ലാസ്, ജയേഷ്, മിഥുൻ, ഷജീർ, നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *