പെരിന്തല്‍മണ്ണയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

Share to

Perinthalmanna Radio
Date: 28-10-2022

പെരിന്തല്‍മണ്ണ: ടൗണിന് സമീപം കാറില്‍ വില്‍പ്പനയ്ക്ക് എത്തിച്ച 35 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി മൊറയൂര്‍ സ്വദേശി കക്കാട്ടുചാലി അത്തിക്കച്ചാലില്‍ മുഹമ്മദ് അനസ് ( 33)നെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് ജില്ലയില്‍ എംഡിഎംഎ മയക്കു മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ട കൊണ്ടോട്ടി സ്വദേശികളായ നൗഫല്‍ (28), മന്‍സൂര്‍ എന്നിവരെ പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് 35ഗ്രാം എംഡിഎംഎ സഹിതം പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്.ഐ. എ.എം. മുഹമ്മദ് യാസിര്‍ എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ സി.ഐ.സി.അലവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബാംഗ്ലൂരില്‍ നിന്നും മുഹമ്മദ് അനസാണ് കേരളത്തിലേക്ക് എംഡിഎംഎ മയക്കു മരുന്ന് എത്തിച്ച് കൊടുക്കുന്ന മുഖ്യ സൂത്രധാരനെന്നും പല തവണ ബാംഗ്ലൂരില്‍ പോയി എംഡിഎംഎ നാട്ടിലെത്തിച്ച് ചില്ലറ വില്‍പ്പനയ്ക്കായി നൗഫലിനും മന്‍സൂറിനും കമ്മീഷന്‍ വ്യവസ്ഥയില്‍ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും പ്രതികള്‍ മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതി മുഹമ്മദ് അനസിനെ മൊറയൂരില്‍ വച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കേസുകളില്‍ സംഘത്തിലെ എല്ലാ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് സൂചന ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പെരിന്തല്‍മണ്ണ സി.ഐ. അറിയിച്ചു. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ.സി.അലവി, എ.എസ്.ഐ. ബൈജു, ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to