ടാങ്കർ ലോറിമറിഞ്ഞ സ്ഥലത്ത് താൽക്കാലിക സുരക്ഷ ഒരുക്കി

Share to

Perinthalmanna Radio
Date: 08-09-2023

പെരിന്തൽമണ്ണ : പെട്രോളുമായെത്തിയ ടാങ്കർ ലോറി നിയന്ത്രണംവിട്ട് കുളത്തിലേക്കു മറിഞ്ഞ സ്ഥലത്തെ റോഡരികിൽ തത്കാല മുന്നറിയിപ്പൊരുക്കി അധികൃതർ. നിർമാണം പുരോഗമിക്കുന്ന റോഡിന്റെ വശത്ത് വീപ്പകൾവെച്ച് അപകട റിബൺ കെട്ടിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിന് പണി നടക്കുന്ന റോഡിൽ മുന്നറിയിപ്പില്ലാത്തതും കാരണമായതായി ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തത്കാല മുന്നറിയിപ്പൊരുക്കിയത്.

മുണ്ടത്തു പാലത്തിന്റെ എതിർവശത്തെ നിർമാണപ്രവർത്തനങ്ങളും വ്യാഴാഴ്ച തുടങ്ങിയിട്ടുണ്ട്. പാലം നിർമാണവുമായി ബന്ധപ്പെട്ട് റോഡ് മെറ്റലും മണലും നിറച്ചിരിക്കുകയാണ്. എതിരേ വാഹനം വന്നപ്പോൾ റോഡിന്റെ വശത്തേക്ക് നിർത്തിക്കൊടുക്കുകയും റോഡ് ഇടിഞ്ഞ് ടാങ്കർ ലോറി മറിയുകയുമായിരുന്നുവെന്നാണ് ഡ്രൈവർ പറഞ്ഞത്. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ എം.എൽ.എ.യും മറ്റും റോഡ് പ്രവൃത്തിയിലെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ചിരുന്നു. റോഡിൽ നിർമാണം നടക്കുമ്പോൾ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ ഏർപ്പെടുത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം അപകടത്തിൽ നിസാര പരിക്കേറ്റ ഡ്രൈവറും സഹായിയും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജ് ആയിട്ടുണ്ട്. കൊച്ചിയിൽനിന്ന് പട്ടിക്കാടുള്ള പമ്പിലേക്ക് പെട്രോളുമായെത്തിയ ടാങ്കറാണ് മറിഞ്ഞത്. രണ്ടുതവണ മറിഞ്ഞ് കുളത്തിലേക്കാണു വീണത്. പെട്രോൾ ചോർച്ചയുണ്ടായെങ്കിലും വെള്ളത്തിലായതിനാൽ അപകടാവസ്ഥ ഒഴിവാകുകയായിരുന്നു. അഗ്നിരക്ഷാസേനയുടെയും മറ്റും പരിശ്രമത്താൽ ഉച്ചയോടെ ചോർച്ച നിയന്ത്രിക്കാനായിരുന്നു. പെട്രോൾ ആയതിനാൽ ബാഷ്പീകരിച്ച് പോകുമെന്നും അതിനാൽ ഭീഷണിയില്ലെന്നുമാണ് അഗ്നിരക്ഷാസേന അറിയിച്ചത്. അപകടമുണ്ടായി പത്തുമണിക്കൂറുകൾക്കു ശേഷമാണ് ചോർച്ച അടയ്ക്കാനായത്. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *