ട്രാഫിക് സിഗ്‌നൽ തകരാർ പരിഹരിച്ചില്ല; പെരിന്തൽമണ്ണയിൽ ഗതാഗത കുരുക്കേറുന്നു

Share to

Perinthalmanna Radio
Date: 04-04-2023

പെരിന്തൽമണ്ണ: പ്രധാന ജങ്ഷനിലെ സിഗ്‌നൽ തകരാർ പരിഹരിക്കാത്തതും വാഹനത്തിരക്കേറിയതും പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് കൂട്ടുന്നു. കോഴിക്കോട് റോഡിലാണ് തിങ്കളാഴ്‌ച കൂടുതൽ കുരുക്കുണ്ടായത്. വാഹനങ്ങൾ കടന്നു.പോകാൻ ഏറെ സമയമെടുത്തതോടെ സംഗീത റോഡ് വരെ വാഹനത്തിരക്കുണ്ടായി. ട്രാഫിക് ജങ്ഷനിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാൻ ഞായറാഴ്‌ച കുറഞ്ഞ സമയമാണ് സിഗ്‌നലിൽ ക്രമീകരിച്ചിട്ടുള്ളത്.

സാങ്കേതിക തകരാർമൂലം ഞായറാഴ്‌ചയിലെ സമയമാണ് തിങ്കളാഴ്‌ചയും കാണിക്കുന്നത്. ഇതുമൂലം എല്ലായിടത്തേക്കും കുറഞ്ഞ സമയമാണ് വാഹനങ്ങൾക്ക് പോകാൻ ലഭിക്കുന്നത്. കുറച്ചു വാഹനങ്ങൾ പോകുമ്പോഴേക്കും സിഗ്‌നലിൽ ചുവപ്പ് തെളിയുന്നതോടെ വാഹനങ്ങളുടെ നിര നീളുന്നു.

കോഴിക്കോട് റോഡിലെ കയറ്റവും കടന്നു പോകാൻ വലിയ വാഹനങ്ങൾക്ക് സമയക്കൂടുതൽ വേണ്ടതിനാൽ കുറച്ചു വാഹനങ്ങൾക്കേ പോകാനാകുന്നുള്ളൂ. ഇതിനിടെ ടൗൺ സ്‌ക്വയറിന് സമീപത്തു കൂടി പുതിയ ബസ്‌ സ്റ്റാൻഡിലേക്കുള്ള റോഡുവഴി കോഴിക്കോട് റോഡിലേക്ക് ചെറു വാഹനങ്ങൾ വരുകയും പോകുകയും ചെയ്യുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്.

ഓട്ടോറിക്ഷകളടക്കം തോന്നും പോലെ കയറി വരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെയുള്ള വാഹനങ്ങളുടെ പോക്കിന് തടസ്സമാകുന്നു. വീതി കുറവുള്ള ഈ റോഡ് വൺവേ ആക്കാനായിരുന്നു മുൻപ് തീരുമാനിച്ചതെങ്കിലും ഇപ്പോൾ ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. നിയന്ത്രിക്കാൻ ട്രാഫിക് വാർഡനെ നിയോഗിച്ചിട്ടുണ്ടെങ്കിലും തിരക്കേറുമ്പോൾ ഇവരും നിസ്സഹായരാകുന്ന സ്ഥിതിയാണ്.

കോഴിക്കോട് റോഡിൽ നിന്ന്‌ ഊട്ടി റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഒഴിച്ചിടേണ്ട ഇടതു വശത്തും പലപ്പോഴും വലിയ വാഹനങ്ങൾ നിർത്തുന്നത് വഴിയടയ്ക്കുന്നു. ഇതും കോഴിക്കോട് റോഡിലെ കുരുക്കേറ്റുന്നു. മറ്റു റോഡുകളിലും വാഹനത്തിരക്കുണ്ട്. റംസാന് മുന്നോടിയായി കൂടുതൽ ആളുകൾ വ്യാപാരസ്ഥാപനങ്ങളിലേക്ക് വരാൻ തുടങ്ങിയതോടെ നഗരത്തിൽ തിരക്കേറിയിട്ടുണ്ട്.

സിഗ്‌നൽ തകരാർ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും വാഹനക്കുരുക്കുണ്ടാകാൻ സാധ്യതയേറെയാണ്. ഇത് അനുസരിച്ച് ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസിനെയും ട്രാഫിക് വാർഡൻമാരെയും നിയോഗിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെടുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *