Perinthalmanna Radio
Date: 31-10-2022
പെരിന്തൽമണ്ണ: എക്സൈസ് റേഞ്ച് ഓഫീസ് കാർഷെഡിൽ ജീപ്പടക്കം 12 വാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ജീപ്പിന്റെ മുൻ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. അതിനാൽത്തന്നെ ജീപ്പിലുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാകാം തീപ്പിടിത്തമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജീപ്പിന്റെ പിന്നിലെ ഒരുവശത്തെ ചക്രവും സ്റ്റെപ്പിനിയും കത്തിയിരുന്നില്ല. മലപ്പുറത്തു നിന്നുള്ള ഫൊറൻസിക് സംഘവും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
സംഭവ സ്ഥലത്തിനടുത്ത വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചു. ഈ ഭാഗത്തേക്ക് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും കണക്‌ഷൻ നൽകിയിരുന്നില്ല. എക്സൈസ് ഇന്റലിജൻസ് വിഭാഗവും തീപ്പിടിത്തം സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം ജോയിന്റ് എക്സൈസ് കമ്മിഷണർ അടുത്ത ദിവസം സ്ഥലം സന്ദർശിക്കും.
എക്സൈസിന് സ്വന്തമായി ഡ്രൈവറില്ലാത്തതിനാൽ ഓഫീസിലുള്ള ഉദ്യോഗസ്ഥർ തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. പല ആളുകൾ ഉപയോഗിച്ചിരുന്നതിനാൽ വണ്ടിക്ക് ഏതെങ്കിലും തകരാറുകളുണ്ടായിരുന്നോയെന്നതും വ്യക്തമല്ല. വാഹനം നശിച്ചതോടെ ജോലിഭാരമേറെയുള്ള ഓഫീസിന്റെ പ്രവർത്തനങ്ങളെയും ബാധിക്കാനിടയുണ്ട്.