
Perinthalmanna Radio
Date: 15-06-2023
മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ ഭൂരിഭാഗവും അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തേണ്ടിവരും. മറ്റു ജില്ലകളിൽനിന്നുള്ള അധിക ബാച്ചുകളാണ് ജില്ലയിലെ 14 സർക്കാർ സ്കൂളുകളിലേക്ക് മാറ്റി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 30% സീറ്റ് വർധനയോടെയാണ് ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഒരു ബാച്ചിൽ 65 കുട്ടികളുണ്ടാകും. ഇപ്പോൾത്തന്നെ സ്ഥലപരിമിതിയുള്ള സ്കൂളുകൾക്ക് പുതിയ ബാച്ചുകൾക്കുകൂടി കെട്ടിടം കണ്ടെത്തുക വെല്ലുവിളിയാണ്. മറ്റു സൗകര്യങ്ങൾക്കായി തയാറാക്കിയ കെട്ടിടങ്ങൾ ഇതിനായി മാറ്റിവയ്ക്കേണ്ടിവരും. ഇത് കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
പെരിന്തൽമണ്ണ ജിജിഎച്ച്എസ്എസിൽ കെട്ടിട സൗകര്യം കുറവായതിനാൽ പുതുതായി അനുവദിച്ച ബയോളജി സയൻസ് ബാച്ച് ലൈബ്രറി മുറിയിൽ നടത്താനാണ് തീരുമാനം. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആഗ്രഹിച്ചത് ഹ്യുമാനിറ്റിസ്. കിട്ടിയത് സയൻസ് ബാച്ച്. പുതിയ ബാച്ച് കുട്ടികൾ വന്നാൽ ലാംഗ്വേജ് ക്ലാസ് നടത്തുന്ന ഹാളിൽ ഇരുത്തേണ്ടി വരും. അതോടെ ലാംഗ്വേജ് ക്ലാസ് എവിടെ നടത്തണമെന്ന ആശയക്കുഴപ്പമുണ്ട്. നിലവിൽ 3 സയൻസ് ബാച്ച് ഉണ്ട്. ഇതിനു പുറമേയാണ് ഒരു ബാച്ചുകൂടി അനുവദിച്ചത്. ലാബ് സൗകര്യവും കുറവാണ്.
കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 3 ബാച്ച് ഹ്യുമാനിറ്റീസ്, 2 ബാച്ച് കൊമേഴ്സ് എന്നിവ നിലവിലുണ്ട്. ആകെ 10 ക്ലാസ് മുറികൾ. സയൻസ് ബാച്ച് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഒരുക്കിയ ലാബ് ഉൾപ്പെടുന്ന ക്ലാസ് മുറിയുണ്ട്. പുതുതായി അനുവദിച്ച ഹ്യുമാനിറ്റീസ് ബാച്ച് ഇവിടെ തുടങ്ങേണ്ടിവരും. എന്നാൽ, വേങ്ങര ജിവിഎച്ച്എസ്എസ് ഉൾപ്പെടെയുള്ള സ്കൂളുകളിൽ അനുവദിച്ച ബാച്ചിനുള്ള കെട്ടിട സൗകര്യമുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
