Perinthalmanna Radio
Date: 13-05-2023
മലപ്പുറം : സുരക്ഷാ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായും കുറ്റ കൃത്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കുന്നതിനുമായി പോലീസ് ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഒട്ടേറെപ്പേർ പിടിയിലായി. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ 671 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മയക്കു മരുന്ന്, ലഹരിവില്പനക്കാർ, അനധികൃത ഒറ്റനമ്പർ ലോട്ടറിമാഫിയകൾ, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവരാണ് വലയിലായത്.
മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം കേസുകൾ രജിസ്റ്റർചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ വരും ദിവസങ്ങളിൽ പിടിയിലാക്കാനുള്ള ശ്രമത്തിലാണ്.
അനധികൃത മണൽക്കടത്തിന് എട്ടു കേസുകൾ രജിസ്റ്റർ ചെയ്ത് ആറു പ്രതികളെ അറസ്റ്റു ചെയ്തു. ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് 37 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി മദ്യം കൈവശംവെച്ചതിനും വിൽപ്പന നടത്തിയതിനും പൊതു സ്ഥലത്ത് മദ്യപിച്ചതിനുമായി വിവിധ പോലീസ് സ്റ്റേഷനുകളിലായി 104 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിൽ ഒളിച്ചും കോടതിയിൽ ഹാജരാകാതെയും ഒളിവിൽ താമസിച്ച 25 പ്രതികളും, ജാമ്യമില്ലാ വാറണ്ടിൽ പിടികിട്ടാനുണ്ടായിരുന്ന 138 പ്രതികളും ഉൾപ്പെടെ 163 പേരെയാണ് പോലീസ് ഒറ്റ ദിവസം പിടികൂടിയത്.
ജില്ലയിലെ അതിർത്തികളും പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിൽ 4,978 വാഹനങ്ങൾ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ