Perinthalmanna Radio
Date: 19-02-2023
മലപ്പുറം: ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും തൊണ്ടിവാഹനങ്ങൾ കുന്നുകൂടുന്നു. പലയിടങ്ങളിലും ഉൾക്കൊള്ളാവുന്നതിലധികം വാഹനങ്ങളുണ്ട്. ചിലയിടങ്ങളിൽ പൊതു നിരത്തുകളിലേക്കും വാഹന നിര നീണ്ടിരിക്കുന്നു. ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി തൊണ്ടിവാഹനങ്ങൾ സൂക്ഷിക്കുന്ന പോലീസ് സ്റ്റേഷനുകളുമുണ്ട്. സ്ഥലപരിമിതിക്കപ്പുറം ഇവ അപകടഭീഷണി ഉയർത്തുന്നു. വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നതിനാൽ ജില്ലാതലത്തിൽ കൃത്യമായി കണക്ക് സൂക്ഷിക്കുന്നതിന് തടസ്സം നേരിടുന്നു.
റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ സ്കൂൾകുട്ടികളടക്കം അപകടത്തിൽപ്പെടുന്നതിനും കാരണമാകുന്നു. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലം കാടുപിടിച്ച് ഇഴജന്തുക്കളുടെയും സമൂഹവിരുദ്ധരുടെയും താവളമായിരിക്കുന്നു. വേനൽ കനക്കുന്നതോടെ തീപ്പിടിത്തത്തിനുള്ള സാധ്യതകളും ഏറിവരുകയാണ്.
മൂന്നിടത്ത് മുന്നൂറിലധികം
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നൂറിലേറെ തൊണ്ടിവാഹനങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ബൈക്ക്, കാർ, മണൽലോറി എന്നിവയാണ് കൂടുതൽ.
തിരൂരങ്ങാടി സ്റ്റേഷനിൽ 308, ചങ്ങരംകുളത്ത് 300, തിരൂരിൽ 310, കൊളത്തൂരിൽ 200 എന്നിങ്ങനെയാണ് വാഹനങ്ങൾ കെട്ടിക്കിടക്കുന്നതെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. താനൂരിൽ കൃത്യമായ വിവരങ്ങളുമില്ല. വണ്ടൂർ, മഞ്ചേരി, വളാഞ്ചേരി, വേങ്ങര എന്നീ സ്റ്റേഷൻപരിധികളിൽ നിലവിൽ തൊണ്ടിവാഹനങ്ങൾ സൂക്ഷിച്ചിട്ടില്ല.
മോട്ടോർവാഹന നിയമം ലംഘിക്കുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്റ്റേഷൻ വളപ്പിലാണ് സൂക്ഷിക്കുന്നത്. പിഴയൊടുക്കി രേഖകൾ ശരിയാക്കിയതിനുശേഷമാണ് ഇവ തിരിച്ചുകൊടുക്കുക. ചിലർ എത്രതവണ നോട്ടീസ് അയച്ചാലും നടപടിക്രമങ്ങൾ പൂർത്തിയാക്കില്ല. നിശ്ചിത കാലത്തിനു ശേഷം ഇവ ലേലം ചെയ്യും
ലേലം തുടരുന്നു
തൊണ്ടി മുതലുകളുടെ ലേല നടപടികൾ തുടർന്നു വരുകയാണ്. എന്നാൽ കാലപ്പഴക്കംമൂലം തുരുമ്പെടുത്തതുകൊണ്ടും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തെത്തിക്കാനുള്ള ചെലവ് ലേലത്തിനെടുത്തവർ നിർവഹിക്കണമെന്നതും നടപടികളുടെ വേഗം കുറയ്ക്കുന്നു. പരപ്പനങ്ങാടിയിൽ 72, എടവണ്ണയിൽ 10, വണ്ടൂരിൽ ആറുമാസം മുൻപ് 308, പെരിന്തൽമണ്ണയിൽ കോവിഡിനുശേഷം 800 എന്നിങ്ങനെയാണ് ലേലം ചെയ്തവയുടെ കണക്കുകൾ. താനൂരിൽ ലേലം നടന്നിട്ടില്ല. പൊന്നാനിയിൽ ആറുമാസം മുൻപ് ഇരുനൂറോളം വാഹനങ്ങൾ ലേലംചെയ്തു. മേലാറ്റൂരിൽ 20, ചങ്ങരംകുളത്ത് 150, കരിപ്പൂരിൽ 50 വാഹനങ്ങളുടെയും ലേലനടപടികൾ തുടർന്നു വരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ