
Perinthalmanna Radio
Date: 24-01-2023
പെരിന്തൽമണ്ണ: ഹർത്താൽ നഷ്ടം ഈടാക്കാനായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം വില്ലേജിലെ പുത്തനങ്ങാടിയിൽ ആളുമാറി സ്വത്ത് കണ്ടു കെട്ടിയതിൽ ഭൂ ഉടമകൾ പെരിന്തൽമണ്ണ തഹസിൽദാർക്ക് പരാതി നൽകി.
ഇടുപൊടിയൻ അലി, ഇടുപൊടിയൻ ഹംസ എന്നിവരാണ് തഹസിൽദാർ പി.എം. മായക്ക് പരാതി നൽകിയത്.
35 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന താൻ ശാരീരിക അവശതകളെ തുടർന്നാണ് മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയതെന്ന് ഹംസ പരാതിയിൽ പറയുന്നു.
രാഷ്ട്രീയ, സാമൂഹിക, സമുദായിക സംഘടനകളിലൊന്നും അംഗമല്ല. ജപ്തി നോട്ടീസ് പതിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ആളുമാറിയ വിവരം ബോധ്യപ്പെടുത്തിയപ്പോൾ അവർ നിസ്സഹായരാണെന്നാണ് മറുപടി ലഭിച്ചത്.
കുടുംബത്തിനും തനിക്കും ഇതുമൂലം വലിയ മാനസിക പ്രയാസമാണുണ്ടായിരിക്കുന്നതെന്നും ഇതൊഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഹംസയുടെ മൂന്നര സെന്റ് സ്ഥലവും അലിയുടെ 22 സെന്റ് സ്ഥലവുമാണ് കണ്ടുകെട്ടിയത്.
ആളുമാറിയ സംഭവത്തെ കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയതായി തഹസിൽദാർ ഇവരെ അറിയിച്ചിട്ടുണ്ട്. അതേ സമയം സംഭവത്തിൽ പോലീസും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്പെഷ്യൽ ബ്രാഞ്ചുമാണ് ഇവരോട് കാര്യങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
