
Perinthalmanna Radio
Date: 21-04-2023
പെരിന്തൽമണ്ണ: ഭൗതികസൗകര്യങ്ങളിൽ വലിയ വികസനമുന്നേറ്റവുമായി നാക് അംഗീകാരം നേടാൻ സജ്ജമായിരിക്കുകയാണ് പെരിന്തൽമണ്ണ ഗവ. പി.ടി.എം. കോളേജ്. അക്കാദമികരംഗത്തെ മികവിനൊപ്പമാണ് അടുത്തകാലത്തെ ഭൗതികവികസനങ്ങളുമായി 48-ാം വർഷത്തിൽ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഗവ. കോളേജ് മുഖച്ഛായ മാറ്റുന്നത്.
കേന്ദ്രസർക്കാരിന്റെ ദേശീയ ഉന്നതവിദ്യാഭ്യാസ മൂല്യനിർണയ ഏജൻസിയായ നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ(നാക്) രണ്ടാംഘട്ട മൂല്യനിർണയസംഘം 27, 28 തീയതികളിൽ കോളേജ് സന്ദർശിക്കും. 1975-ൽ സ്ഥാപിച്ച കോളേജ് 2015-ൽ ഒന്നാംഘട്ട മൂല്യനിർണയത്തിൽ ബി ഗ്രേഡ് നേടിയിരുന്നു. അക്കാദമിക് ബ്ലോക്ക് അടക്കം വലിയ പദ്ധതികളാണ് കോളേജിൽ ഇതിനകം പൂർത്തിയായിട്ടുള്ളത്.
കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ആംഫി തിയേറ്ററും പണികഴിപ്പിച്ചിട്ടുണ്ട്. പുതിയ കാന്റീൻ കെട്ടിടം, ഡേ കെയർ സെന്റർ, അമിനിറ്റി സെന്റർ എന്നിവയുടെ നിർമാണവും ഇതിനകം പൂർത്തിയാക്കി. കോളേജിന്റെ സമഗ്ര ഗുണനിലവാരം ഉറപ്പാക്കുന്ന ഐ.ക്യു.എ.സി.ക്ക് 25 ലക്ഷം രൂപയുടെ ഡിജിറ്റൈസ്ഡ് തിയേറ്ററും ഒരുക്കി. ബിരുദാനന്തര വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനകരമായ അറബിക്, ഇംഗ്ലീഷ് റിസർച്ച് ലാബുകളും ഒരുക്കി. സർവകലാശാലകളുടെയും മറ്റ് ഏജൻസികളുടെയും പരീക്ഷകൾ സുരക്ഷിതമായി നടത്തുന്നതിന് അതീവസുരക്ഷാ പരീക്ഷാ കൺട്രോൾ റൂം പുതുതായി നിർമിച്ചിട്ടുണ്ട്. കാമ്പസിൽ മുഴുവൻ വൈഫൈ സോണുകൾ സ്ഥാപിച്ചു.
രണ്ട് ഗവേഷണകേന്ദ്രങ്ങൾ ഉൾപ്പെടെ അഞ്ച് ബിരുദാനന്തര പഠനവകുപ്പുകൾ കോളേജിന്റെ സവിശേഷതയാണ്. കോളേജ് നേടിയിട്ടുള്ള ഉയർച്ച വിലയിരുത്തുമ്പോൾ ദേശീയ മൂല്യനിർണയസമിതിയുടെ ഉയർന്ന ഗ്രേഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. കെ. ഹംസ, കോ-ഓർഡിനേറ്റർ ഡോ. നൂറുൽ അമീൻ എന്നിവർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
