
Perinthalmanna Radio
Date: 23-03-2023
പട്ടിക്കാട്: കൺമുന്നിൽ നിന്ന് ആടിനെ പുലി കടിച്ചു കൊണ്ടു പോയതായി ഉടമ. മുള്ള്യാകുർശ്ശി മേൽമുറി പൊരുതല മലയടി വാരത്തു നിന്നാണ് ആടിനെ പുലി പിടിച്ചതായി പറയുന്നത്. ആടുകളെ മേയ്ക്കാൻ എത്തിയ മാട്ടുമ്മതൊടി ഉമൈറിന് പുലിയെ നേരിട്ട് കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടു മാറിയിട്ടില്ല. രണ്ട് ദിവസം മുമ്പും ഒരു ആടിനെ കാണാതായിരുന്നു.
ബുധനാഴ്ച വൈകിട്ട് 5.30ഓടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആടിനെ പുലി കാടിനുള്ളിലേക്ക് കടിച്ചു കൊണ്ടു പോകുന്നത് നേരിൽ കണ്ടതായാണ് ഉമൈർ പറയുന്നത്. ഓടി എത്തിയപ്പോൾ സ്ഥലത്ത് ചോരപ്പാടുകളും രോമവും മാത്രമാണ് കാണാനായത്. നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ആടിനെ കണ്ടെത്താനായില്ല. എന്നാൽ, രണ്ടു ദിവസം മുമ്പ് കാണാതായ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 10 ദിവസം മുമ്പ് ഇതേ സ്ഥലത്ത് ആടുകളെ മേയ്ക്കുന്നതിനിടെ മാട്ടുമ്മത്തൊടി ഹംസ പുലിയെ കണ്ടതായി പറയുന്നുണ്ട്. മൂന്ന് വർഷത്തിനിടെ ഇരുപതോളം ആടുകളെ കാണാതായതായി ഉമൈർ പറഞ്ഞു. നിരന്തരമായി ആടുകളെ നഷ്ടപ്പെടുന്നത് അറിഞ്ഞ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ഉമൈറിന് ആറ് ആടുകളെയും കൂടും നൽകിയിരുന്നു. മുപ്പതോളം ആടുകളെ ഒരുമിച്ച് മേയ്ക്കുന്നതിന് ഇടെയാണ് ആടിനെ കൊണ്ടു പോയത്. വനം വകുപ്പ് ഓഫിസിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച സ്ഥലം സന്ദർശിക്കാം എന്നറിയിച്ചിട്ടുണ്ട്. മുമ്പ് ഇതേ പ്രദേശത്തുനിന്ന് പുള്ളിപ്പുലിയെ വനം വകുപ്പിന്റെ നേതൃത്വത്തിൽ കെണി വെച്ച് പിടികൂടിയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
