
Perinthalmanna Radio
Date: 24-03-2023
പട്ടിക്കാട്: പുലിഭീതി നിലനിൽക്കുന്ന കീഴാറ്റൂർ മുള്ള്യാകുർശ്ശിയിൽ കെണി സ്ഥാപിക്കുമെന്ന് വനംവകുപ്പ്. കഴിഞ്ഞദിവസം മാട്ടുമ്മത്തൊടി ഉമൈറിന്റെ വീടിന് സമീപത്തുനിന്ന് പുലി ആടിനെ കടിച്ചുകൊണ്ടുപോയിരുന്നു. തുടർന്ന് വ്യാഴാഴ്ച സ്ഥലത്തെത്തിയ വനപാലകരാണ് കെണി സ്ഥാപിക്കുമെന്ന് അറിയിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് മാട്ടുമ്മത്തൊടി ഉമൈറിന്റെ ആടിനെ പുലി കടിച്ചുകൊണ്ടുപോയത്. ഉമൈർ നോക്കി നിൽക്കേയാണ് സംഭവം. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പകുതി ഭക്ഷിച്ച നിലയിൽ ആടിന്റെ ജഡമാണ് കണ്ടെത്താനായത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് ആടുകളെയാണ് പുലി പിടിച്ചത്. ഇതിൽ രണ്ടെണ്ണം ഉമൈറിന്റെതാണ്. ആടുകൾക്കുപുറമേ വളർത്തുനായ്‌ക്കളെ കാണാതാകുന്നതും പതിവാണ്. മാസങ്ങൾക്കുമുൻപ് പുലിയെ പിടികൂടാൻ വനംവകുപ്പ് കെണി സ്ഥാപിച്ചിരുന്നങ്കിലും കുടുങ്ങിയില്ല. പുലിയെ വ്യക്തമായി കണ്ടതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ആർ.ആർ.ടി. സംഘവും കരുവാരക്കുണ്ട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം നിരീക്ഷണക്യാമറ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ., പി. അബ്ദുൽ ഹമീദ് എം.എൽ.എ. എന്നിവരുടെ ഇടപെടലിനെത്തുടർന്ന് കെണി സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ. അറിയിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വർഷങ്ങളായിത്തുടരുന്ന പുലിഭീതിയകറ്റാൽ ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം വനംവകുപ്പ് ഓഫീസ് മാർച്ച് ഉൾപ്പടെ നടത്തുമെന്നും നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്കുമുൻപ് ഇവിടെ ഭീതി പരത്തിയ പുലിയെ വനംവകുപ്പ് കെണിവെച്ച് പിടികൂടിയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
